കൊട്ടിയൂർ: തകർന്നടിഞ്ഞ കൊട്ടിയൂർ -വയനാട് ചുരം പാതക്ക് ഇനിയും ശാപമോക്ഷമായില്ല. തകർന്നു ഗർത്തങ്ങളായ പാതയിൽ സാഹസിക യാത്ര നടത്തുകയാണ് യാത്രക്കാർ. കാലവർഷത്തിൽ പലതവണ തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും പഴയപടിയിലായി. 69.10 ലക്ഷം ചെലവിലാണ് ഈ പാത മാസങ്ങൾ മുമ്പ് അറ്റകുറ്റപ്പണി നടത്തിയത്.
കിഫ്ബി ഫണ്ടുപയോഗിച്ചായിരുന്നു പാതയുടെ വികസന പ്രവൃത്തി. 2018- 2019 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് പൂർണമായി തകർന്നടിഞ്ഞത്. അറ്റകുറ്റ പണി നടത്തിയതല്ലാതെ പിന്നീട് പാൽച്ചുരം റോഡിൽ കാര്യമായി പ്രവൃത്തി നടന്നിട്ടില്ല. ഈ റോഡിലൂടെയാണ് ബസുൾപ്പെടെയുള്ള നൂറു കണക്കിന് വാഹനങ്ങൾ ഓടുന്നത്.
ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ച കാരണം അപകടത്തിൽപ്പെട്ടത്. ഏറെ ആശങ്കയോടെയാണ് ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്.
മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്.
അറ്റകുറ്റ പ്രവൃത്തിനടത്തിയ റോഡ് ഇപ്പോൾ വീണ്ടും തകർന്നത് യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ്. അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം പാതയോട് അധികൃതരുടെ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്ത് ഇത്രയും അപകട ഭീഷണിയുള്ള പാത മറ്റൊന്നില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
തകർന്ന് ഗർത്തങ്ങളായ പാതയിൽ ദിനേന അപകടങ്ങളും പെരുകുകയാണ്.
കഴിഞ്ഞ ദിവസം ചരക്ക് ലോറി അപകടത്തിൽപെട്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു.15 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാതയിൽ നിരോധനം ഉണ്ടെങ്കിലും അതിലിരട്ടി ഭാരം വഹിക്കുന്ന ടോറസ് വാഹനങ്ങളുടെ നിരയാണ് പാതയിലൂടെ നീങ്ങുന്നത്. അമിതഭാരം വഹിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാതെ പാതയുടെ ദുരവസ്ഥ അവസാനിക്കില്ല. പാതയുടെ വികസനത്തിന് 37 കോടി കിഫ്ബിയിൽ വകയിരുത്തിയെങ്കിലും എന്നു നടപ്പാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.