കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിൽ മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. അഗതി മന്ദിരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരാഴ്ചക്കിടെ അഞ്ചുപേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്നും നടത്തിപ്പുകാർ പറയുന്നു.
ഇതുവരെ ജില്ല ഭരണകൂടം ഇടപെട്ടിട്ടില്ലെന്ന് പറയുന്നു. തെരുവിൽ അലയുന്നവർ, ഉറ്റവരില്ലാത്ത പ്രായമായവർ. മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിെൻറ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാൾക്ക് കോവിഡ് പോസിറ്റിവായത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേർക്ക് വൈറസ് ബാധ കണ്ടെത്തി. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണം നൂറായി. മാനസിക വെല്ലുവിളി നേരിടുന്ന കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. സുമനസ്സുകളുടെ കരുണയിൽ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളുംകൊണ്ട് കഴിഞ്ഞിരുന്ന അഗതി മന്ദിരത്തിൽ ഇപ്പോൾ കോവിഡായതിനാൽ സഹായത്തിനും ആരും എത്താത്ത സാഹചര്യമാണ്.
രോഗികൾക്ക് ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്നുണ്ട്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ ഇവിടത്തെ മറ്റു രോഗികളുടെ ചികിത്സയും മുടങ്ങിയ സാഹചര്യമാണുള്ളത്. രണ്ടുവർഷമായി സർക്കാർ ഗ്രാൻഡ് കിട്ടാത്തതും പ്രശ്നം ഗുരുതരമാക്കിയതായി പറയുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. അടിയന്തര സാഹചര്യം പരിഗണിച്ച് ഉത്തരവ് ഇ-മെയിലിൽ കൈമാറി.
കൃപാഭവനിലേക്ക് കാരുണ്യപ്രവാഹം
കേളകം: കോവിഡ് വ്യാപനമുണ്ടായ തെറ്റുവഴി കൃപാഭവനിലേക്ക് സുമനസ്സുകളുടെ കാരുണ്യപ്രവാഹം. മുന്നൂറോളം അന്തേവാസികളുള്ള കൃപാഭവനില്‍ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നാലുപേർ മരിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ പുറംലോകം അറിഞ്ഞത്.
രോഗബാധിതരായ നിരാലംബർക്ക് ചികിത്സക്കുപോലും വഴിയില്ലാത്ത പ്രതിസന്ധിയെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ലുലു ഗ്രൂപ് ഉടമ എം.എ. യൂസുഫലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചതിനുപുറമെ കൃപാഭവൻ ഡയറക്ടർ സന്തോഷിെൻറ അക്കൗണ്ടിലേക്കും സുമനസ്സുകൾ രണ്ടര ലക്ഷത്തിലധികം രൂപ സഹായമെത്തിച്ചു. നിരവധി സന്നദ്ധ സംഘങ്ങൾ ഭക്ഷ്യസഹായവും എത്തിച്ചു.വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെടുകയും കൃപാഭവനില്‍ ഡി.പി.എം ഡോ. അനില്‍ കുമാറിെൻറ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം സന്ദര്‍ശിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. രോഗം മൂർച്ഛിച്ച അഞ്ചുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നടപടിയെടുത്തിട്ടുണ്ട്.
പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
കൃപാഭവന് 10 ലക്ഷം സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്
പേരാവൂർ: അന്തേവാസികൾക്ക് കോവിഡ് ബാധിച്ച് ദുരിതത്തിലായ പേരാവൂർ തെറ്റുവഴി കൃപാഭവന് പത്ത് ലക്ഷം രൂപ സഹായ സംഭാവന പ്രഖ്യാപിച്ച് ലുലു ഗ്രൂപ്. ലുലു ഗ്രൂപ് അധികൃതർ ബന്ധപ്പെട്ട് പണം കൈമാറുന്ന കാര്യം അറിയിച്ചതായി കൃപാഭവൻ ഡയറക്ടർ സന്തോഷ് അറിയിച്ചു. ഇവരുടെ ദൈന്യത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
കൃപാഭവന് ധനസഹായവുമായി ലയൺസ് ക്ലബ്
ഇരിട്ടി: പേരാവൂർ തെറ്റുവഴി കൃപാഭവന് ഇരിട്ടി ലയൺസ് ക്ലബിെൻറ സഹായഹസ്തം. കഴിഞ്ഞ ദിവസങ്ങളിൽ കൃപാഭവനിൽ ആറു അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവിൽ 290 അന്തേവാസികളാണ് ഇവിടെയുള്ളത്. ക്ലബ് ഭാരവാഹികൾ കൃപാഭവൻ സന്ദർശിച്ചു. പ്രസിഡൻറ് വിജേഷ് മാനേജിങ് ട്രസ്റ്റി സന്തോഷിന് തുക കൈമാറി. ജില്ല അഡീഷനൽ കാബിനറ്റ് സെക്രട്ടറി സുരേഷ് ബാബു, സെക്രട്ടറി ജോസഫ് സ്കറിയ, പി.ആർ.ഒ ഡോ. ജി. ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.