കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതോടെ പണി കിട്ടിയത് കെ.എസ്.ഇ.ബിക്കാണ്. കറന്റ് എപ്പോൾ വരുമെന്ന് അന്വേഷിച്ചുള്ള ഫോൺ വിളികളുടെ ഒഴുക്കാണ് വൈദ്യുതി ഭവനുകളിലേക്ക്. കാറ്റിൽ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ ശനിയാഴ്ച വൈകീട്ടോടെ മുഴുവൻ തകരാറും പരിഹരിച്ച് മുഴുവൻ ഉപഭോക്താക്കൾക്കും വൈദ്യുതി എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് വൈദ്യുതി ജീവനക്കാർ. പൊട്ടിവീണ ലൈനുകളിൽ നിന്നും ആർക്കും അപകടം സംഭവിക്കാതിരിക്കാൻ വളരെയധികം കരുതലോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റും ജില്ലയിലെ വൈദ്യുതി മേഖലക്ക് ഭീമമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിന്റെ ഭാഗമായി കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ എല്ലായിടത്തും വൈദ്യുതി തടസ്സം നേരിട്ടു.
ജില്ലയിൽ എല്ലായിടത്തും നാശനഷ്ടങ്ങൾ സംഭവിച്ചത് വൈദ്യുതി പുനഃസ്ഥാപനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരും കരാർ തൊഴിലാളികളും പരിശ്രമിച്ച് വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അഞ്ഞൂറോളം ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി എത്തിക്കാനുണ്ട്.
607 ഹൈടെൻഷൻ പോസ്റ്റുകളും 3700 ലോ ടെൻഷൻ പോസ്റ്റുകളും മാറ്റിസ്ഥാപിക്കാനുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ കൂടുതൽപേർക്ക് വൈദ്യുതി എത്തിക്കാനായി. തുടർച്ചയായി കാറ്റടിച്ചതോടെ മൂന്നുലക്ഷം ഉപഭോക്താക്കളാണ് ഇരുട്ടിലായത്. രണ്ടായിരത്തിലേറെ ഇടങ്ങളിൽ കമ്പി പൊട്ടിവീണു. ആറ് കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഉറക്കമൊഴിച്ച് പണിയെടുത്താണ് കെ.എസ്.ഇ.ബി ജീവനക്കാരും അഗ്നിരക്ഷാ സേനാംഗങ്ങളും വൈദ്യുതികമ്പികളിലും പോസ്റ്റിലും വീണ മരങ്ങളും തടസ്സങ്ങളും മാറ്റുന്നത്. വൈദ്യുതി തടസ്സം, ലൈൻ തകരാർ എന്നിവ അറിയിക്കുന്നതിനായി കെ.എസ്.ഇ.ബിയെ വിളിക്കാം. കസ്റ്റമർ കെയർ നമ്പർ: 9496001912.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.