കണ്ണൂർ: കെ.എസ്.യുവും എം.എസ്.എഫും തമ്മിലുള്ള പടലപ്പിണക്കം തീര്‍ക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എം.പി ഇരുപക്ഷവുമായി നടത്തിയ ചർച്ച വിജയം. ഇതോടെ കണ്ണൂർ സർവകലാശാലയിൽ അടക്കം യു.ഡി.എസ്.എഫ് മുന്നണിയിൽ കെ.എസ്.യു-എം.എസ്.എഫ് സഖ്യം ഒന്നിച്ച് മത്സരിക്കാൻ തീരുമാനമായി. അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ച് പ്രവർത്തിക്കാനും അതിനായി ഇരു സംഘടനകളുടെയും കൺവെൻഷൻ വിളിച്ചുചേർക്കാനും ധാരണയായി.
കെ. സുധാകരന്റെ നേതൃത്വത്തിൽ രാവിലെ 11ന് കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് ചര്‍ച്ച നടത്തിയത്. ഇരു സംഘടനകളിലെയും സംസ്ഥാന നേതാക്കൾ പങ്കെടുത്തു. സംസ്ഥാനതലത്തിൽ ഇരുസംഘടനകളും തമ്മിലുള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമായി. പ്രാദേശികതർക്കങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാനാണ് തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എം.എസ്.എഫും വെവ്വേറെ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സുധാകരന് ഇടപെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ എല്ലാ സീറ്റിലേക്കും കെ.എസ്.യുവും എം.എസ്.എഫും വെവ്വേറെ പത്രികകള്‍ സമര്‍പ്പിക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിഷയം സുധാകരനുമായി സംസാരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍, വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.