കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ പൊ​ളി​ച്ചു​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​നെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ ത​ട​യു​ന്ന​തി​നി​ടെ മു​ണ്ടി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്നു

ഹോട്ടൽ പൊളിച്ചതിൽ പ്രതിഷേധം കത്തുന്നു; കുടുംബശ്രീ അംഗങ്ങൾ കണ്ണൂർ മേയറെ തടഞ്ഞു; 18 പേർ അറസ്റ്റിൽ

കണ്ണൂർ: കോർപറേഷൻ വളപ്പിലെ കുടുംബശ്രീ ഹോട്ടൽ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങൾ മേയർ ടി.ഒ. മോഹനനെ തടഞ്ഞു.

സംഘർഷാവസ്ഥയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് 18 കുടുംബശ്രീ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി. മേയറെ തടഞ്ഞതിലും ആക്രമിക്കാൻ ശ്രമിച്ചെന്ന മേയറുടെ പരാതിയിലും ഏഴുപേർക്കെതിരെ കേസെടുത്തു. മേയറെ ഓഫിസിൽ കയറാൻ സമ്മതിക്കാതെ തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പ്രതിരോധിക്കാൻ പരസ്പരം കൈകോർത്ത് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. വനിതാപൊലീസുകാർ ഏറെ പണിപ്പെട്ടാണ് കുടുംബശ്രീ അംഗങ്ങളെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച ഓഫിസിലെത്തിയ മേയറെ ഹോട്ടൽ തൊഴിലാളികളായ ഏഴു കുടുംബശ്രീ അംഗങ്ങൾ ഗേറ്റിൽ തടയുകയായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോർപറേഷൻ ഗേറ്റിന് പുറത്ത് പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയ കുടുംബശ്രീ പ്രവർത്തകർ അറസ്റ്റ് ചെയ്തവരുമായി പോയ പൊലീസ് വാഹനം തടഞ്ഞു. മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. ഇതോടെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ, സി.പി.എം നേതാവ് എം. പ്രകാശൻ തുടങ്ങിയവർ സ്ഥലത്തെത്തി. കുടുംബശ്രീയെ ഒഴിപ്പിക്കണമെന്ന കോർപറേഷൻ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കൾ മേയറുമായി ചർച്ച നടത്തി. കുടുംബശ്രീ ഭക്ഷണശാല നിലനിർത്തുന്നത് സംബന്ധിച്ച് സാധ്യതകൾ അനുസരിച്ച് പരിഗണിക്കാമെന്ന് മേയർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ലോണെടുത്ത് തുടങ്ങിയ സ്ഥാപനം പൊളിച്ചുമാറ്റിയത് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് കുടുംബശ്രീ പ്രവർത്തകരുടെ നിലപാട്.

കോർപറേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ചുരുങ്ങിയ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ടേസ്റ്റ് ഹട്ട് ഹോട്ടൽ ഞായറാഴ്ച രാത്രിയാണ് കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റിയത്. ഫ്രിഡ്ജ്, മിക്സി അടക്കമുള്ള മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കാണിച്ച് കുടുംബശ്രീ അംഗങ്ങൾ സിറ്റി പൊലീസ് കമിഷണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ടൗൺ പൊലീസ് കോർപറേഷനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. കോർപറേഷൻ നടപടിയിൽ കുടുംബശ്രീയെ സംരക്ഷിക്കാൻ സി.പി.എം രംഗത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.

അതി‍െൻറ ഭാഗമായാണ് വ്യാഴാഴ്ച മേയറെ തടയൽ അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടന്നത്. പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തതതോടെ പൊലീസിനെതിരെയും മുദ്രാവാക്യം വിളികളുണ്ടായി. നാലുവര്‍ഷം മുമ്പ് കോർപറേഷന്‍ കോമ്പൗണ്ടില്‍ എല്‍.ഡി.എഫ് ഭരണകാലത്താണ് ഏഴു വനിതകള്‍ക്ക് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ ഹോട്ടൽ അനുവദിച്ചത്. കോർപറേഷനു വേണ്ടി പുതിയ ഓഫിസ് സമുച്ചയം നിർമിക്കുന്നതിനായാണ് സ്ഥാപനം പൊളിച്ചുമാറ്റിയത്. സ്ഥാപനം മാറ്റണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടതായി മേയർ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്ന് കുടുംബശ്രീയുടെ ആവശ്യത്തിനിടയിലാണ് ഹോട്ടൽ പൊളിച്ചുമാറ്റിയത്. പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമ ഓഫിസിന് മുന്നിലേക്ക്‌ താൽക്കാലികമായി മാറ്റി സ്ഥാപിച്ചിരുന്നു. ഹോട്ടൽ പൊളിയുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കാനാണ് കുടുംബശ്രീ പ്രവർത്തകരുടെ തീരുമാനം.

Tags:    
News Summary - Kudumbasree members block Kannur mayor; 18 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.