കണ്ണൂർ സിറ്റി: രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെ സ്വന്തം വീടിനു മുന്നിൽ പ്രതിഷേധ മുദ്രാവാക്യവുമായി കെ.സി. പൂക്കോയ തങ്ങൾ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെ പ്രസ്തുത പദവിയിൽനിന്ന് പിൻവലിക്കുകയും നടപ്പിലാക്കിയ കിരാതനിയമങ്ങളും ജനദ്രോഹ നടപടികളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് ജനത കക്ഷിരാഷ്ട്രീയ ഭേദമന്യേ ആഹ്വാനംചെയ്ത 12 മണിക്കൂർ ഉപവാസ സത്യഗ്രഹത്തിന് ഐക്യദാർഢ്യപ്പെട്ടാണ് കെ.സി. പൂക്കോയ തങ്ങൾ കണ്ണൂർ സിറ്റി നീർച്ചാലിലുള്ള വീട്ടിനുമുന്നിൽ സമരമുദ്രാവാക്യങ്ങളുമായി ഇരുന്നത്.
ഇത് സൂചനസമരം മാത്രമാണെന്നും വരുംദിവസങ്ങളിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കാതെവന്നാൽ ശക്തമായ സമരങ്ങൾ ഉണ്ടാവുമെന്നും പൂക്കോയ അറിയിച്ചു. സമരത്തിന് പിന്തുണ നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്നും ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്കുവേണ്ടി എന്നും കൂടെയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിനി ദ്വീപിൽ ജനിച്ച് വിവാഹശേഷം കണ്ണൂർ സിറ്റിയിൽ സ്ഥിരതാമസമാക്കിയ പൂക്കോയതങ്ങളുടെ വേറിട്ട സമരത്തിൽ ആവേശവുമായി രാവിലെ മുതൽ സന്ദർശകരുണ്ടായിരുന്നു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഐക്യദാർഢ്യവുമായി എത്തി. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, കൗൺസിലർ ഷമീമ ടീച്ചർ, മുസ്ലി മഠത്തിൽ, അഷ്റഫ് ചിറ്റുള്ളി എന്നിവർ വീട്ടിലെത്തി. വൈകീട്ട് ആറിന് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സിയാദ് തങ്ങൾ നാരങ്ങാവെള്ളം നൽകി ഉപവാസം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.