കേളകം: ശാന്തിഗിരി മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ജലപ്രളയത്തിൽ താഴ്വാരങ്ങളിൽ താമസിക്കുന്ന കർഷകരുടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കുത്തിയൊഴുകി വ്യാപക നാശനഷ്ടം. ഉരുൾപൊട്ടൽ ദുരിതമുണ്ടായ പ്രദേശത്തെ ഏഴ് കുടുംബങ്ങളോട് സുരക്ഷിത സ്ഥലത്തേക്ക് താമസം മാറാൻ കേളകം പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കൊട്ടിയൂർ വനത്തിൽനിന്ന് ഉരുൾപൊട്ടി ജനവാസ മേഖലയിലേക്ക് വെള്ളം കുത്തിയൊഴുകി.
ശാന്തിഗിരിയിലെ അമ്മിണി പാപ്പനാൽ, ചാക്കോ മംഗലത്ത്, ഷാജി മരോട്ടിതടത്തിൽ, ഏലിക്കുട്ടി മണവാളത്ത്, പൊന്നമ്മ തടത്തിൽ, ജോസ് (ബേബി) പടിയക്കണ്ടത്തിൽ, സുരേഷ് ഇരമ്പുകുഴി തുടങ്ങിയവർക്കാണ് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയത്. ഉരുൾപൊട്ടലിൽ ശാന്തിഗിരി-വെണ്ടേക്കംചാൽ റോഡിൽ വെള്ളം കുത്തിയൊഴുകി പാത ഭാഗികമായി തകർന്നു. കേളകം ഏഴാം വാർഡിലാണ് വ്യാപക നാശനഷ്ടങ്ങൾ.
പടിയക്കണ്ടത്തിൽ (ജോസ്) ബേബിയുടെ വീടിന് മീതെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പഞ്ചായത്തംഗം സജീവൻ പാലുമി തുടങ്ങിയവർ സന്ദർശിച്ചു.
ശാന്തിഗിരി മുതൽ വാളുമുക്ക് വരെ ആറ് കിലോമീറ്റർ താഴ്വാരത്തെ തോടിനോട് ചേർന്ന് ഇരുകരകളിലുമായി നൂറോളം കർഷകരുടെ കൃഷിയിടങ്ങളിലൂടെ വെള്ളം കവിഞ്ഞൊഴുകി നാശനഷ്ടം നേരിട്ടു. അടക്കാത്തോട് ടൗണിനോട് ചേർന്ന സ്ഥലത്തെ ചാപ്പത്തോടിനോട് ചേർന്ന പേഴുംകാട്ടിൽ ഷാഹുൽ ഹമീദ്, നാസർ ഹൗസിൽ അബ്ദുൽ മനാഫ്, തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കടന്നു.
ശാന്തിഗിരി പാതയിലെ മോസ്കോക്ക് സമീപം പള്ളിവാതുക്കൽ ഇട്ടിയ വിരയുടെ കൃഷിസ്ഥലത്ത് നാശനഷ്ടം നേരിട്ടു. അടക്കാത്തോടിലെ എലപ്ര ബാബു സ്കറിയ, ടൗണിലെ വ്യാപാരി പുതുപ്പറമ്പിൽ ഷരീഫ്, അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഭൂമി എന്നിവിടങ്ങളിലും ചാപ്പത്തോട് കരകവിഞ്ഞൊഴുകി നാശനഷ്ടം നേരിട്ടു. വാളുമുക്ക് ആദിവാസി നഗറിനോട് ചേർന്ന കൃഷിയിടങ്ങളും വെള്ളത്തിലായി. വാളുമുക്ക് ആനമതിൽ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
കേളകം: ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ ആറളം ആനമതിൽ രണ്ടിടങ്ങളിൽ തകർന്നു. മുട്ടുമാറ്റി മലയോരപാതയോട് ചേർന്നും വാളുമുക്കിലുമാണ് ആനമതിൽ തകർന്നത്. പ്രളയ കുത്തൊഴുക്കിൽ മുട്ടുമാറ്റി പാതയിലും കൃഷിയിടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ജലപ്രളയമാണ് ചീങ്കണ്ണിപ്പുഴയിലുണ്ടായത്. വെള്ളപ്പൊക്കത്തിലാണ് 20 മീറ്ററോളം പൂർണമായി തകർന്നത്. വാളുമുക്കിൽ ആനമതിൽ വീണ്ടും തകർന്നിട്ടുണ്ട്. ആനകൾ ഉൾപ്പെടെ വന്യജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിക്കാൻ നിർമിച്ച ആനമതിൽ തുടർച്ചയായി തകരുന്നത് വനാതിർത്തികളിലെ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. തകർന്ന മതിൽ ഉടൻ പുനർനിർമിച്ചില്ലെങ്കിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക.
ഇരിട്ടി: കഴിഞ്ഞദിവസം വീശിയടിച്ച ചുഴലിക്കാറ്റിന് പിന്നാലെ തിങ്കളാഴ്ച രാവിലെയോടെ പെയ്തിറങ്ങിയ ശക്തമായ മഴയിൽ തലശ്ശേരി-മൈസൂരു റോഡിൽ കൂട്ടുപുഴ വളവ് പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. വള്ളിത്തോടിനും കൂട്ടുപുഴക്കും ഇടയിലുള്ള യാത്ര അപകടഭീഷണിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം വള്ളിത്തോട് ആനപ്പന്തികവല, ചരൾ കച്ചേരി കടവ് പാലം വഴി തിരിച്ചുവിട്ടു. പാലത്തും കടവിൽ റീബിൽഡ് കേരള റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് റോഡും വീടും അപകടഭീഷണിയിലായി. പാലപ്പുഴ പാലത്തിലും റോഡിലും വെള്ളം കയറി മലയോര ഹൈവേ വഴിയുള്ള ഗതാഗതം വീണ്ടും മുടങ്ങി.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് വളവുപാറയിൽ വൻ മണ്ണിടിച്ചിൽ. റോഡിൽനിന്ന് 15 മീറ്ററോളം ഉയരത്തിലുള്ള കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് റോഡിലൂടെ വാഹനം പോകാഞ്ഞതിനാൽ അപകടം ഒഴിവായി. മണ്ണിടിഞ്ഞതിന് ശേഷം ഇതുവഴിയെത്തിയ ഹൈവേ പൊലീസ് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉടൻ അഗ്നിരക്ഷാ സേനയെയും ഇരിട്ടി പൊലീസിനെയും വിവരമറിയിച്ചു. ഇരിട്ടിയിൽനിന്നുമെത്തിയ അഗ്നിരക്ഷാ സേന റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്.
ഇരിട്ടി ഭാഗത്തുനിന്നും മാക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളിത്തോട് ആനപ്പന്തി കവലയിൽനിന്നും മലയോര ഹൈവേയിൽ പ്രവേശിച്ച് ചരൽ വഴി കച്ചേരി കടവ് പാലം കടന്ന് കൂട്ടുപുഴയിലേക്ക് പ്രവേശിക്കണം.
കൂട്ടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കച്ചേരിക്കടവ് പാലം വഴി ചരളിലൂടെ ഇരിട്ടിയിലേക്കും തിരിച്ചുവിടുകയായിരുന്നു. ഗതാഗത നിയന്ത്രണം വന്നതോടെ കിളിയന്തറ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ സമീപത്തെ വിദ്യാലയങ്ങൾക്ക് ഉച്ചക്ക് ശേഷം അവധി നൽകി. അടക്കത്തോട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രണ്ടാം തവണയും പാലപ്പുഴ പാലം നിറഞ്ഞുകവിഞ്ഞു. ഇതോടെ പാലപ്പുഴയിൽനിന്നും ആറളം ഫാം വഴി കീഴ്പ്പള്ളിയിലേക്കുള്ള ഗതാഗതവും സ്തംഭിച്ചു. നിർമാണത്തിലിരിക്കുന്ന പാലപ്പുഴ ചെന്തോട് പാലത്തിന്റെ സമാന്തര റോഡ് വെള്ളത്തിൽ മുങ്ങിയതോടെ എടൂർ, മണത്തണ മലയോര ഹൈവേയിൽ വീണ്ടും ഗതാഗതം സ്തംഭിച്ചു.
ബാവലിപ്പുഴ, ചീങ്കണ്ണി, കക്കുവ, കാഞ്ഞിരപ്പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നിരവധി പാലങ്ങൾ വെള്ളത്തിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതർ മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര ഹൈവേയിലെ മന്ദംചേരി, അമ്പായത്തോട്, വെങ്ങലോടി തുടങ്ങി നിരവധി പാതകൾ വെള്ളത്തിലാണ്. കൊട്ടിയൂർ-വയനാട് ചുരം പാതയിലും മണ്ണിടിച്ചിൽ ഭീതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.