തലശ്ശേരി: നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിളക്കമാർന്ന വിജയം. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റ് കൂടുതൽ നേടിയാണ് തലശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറുന്നത്. പ്രതിപക്ഷ സ്ഥാനത്തേക്ക് യു.ഡി.എഫിനേക്കാൾ ബി.െജ.പി ഒരു സീറ്റിന് മുന്നിലെത്തി. മുന്നണികൾ ഒരു പോലെ അവകാശവാദം മുഴക്കിയെങ്കിലും തലശ്ശേരി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ എൽ.ഡി.എഫിനെ തന്നെ നാട് നെഞ്ചോട് ചേർത്തുപിടിക്കുകയായിരുന്നു.
കഴിഞ്ഞ തവണ 35 സീറ്റാണ് ഇടത് പക്ഷത്തിന് ലഭിച്ചതെങ്കിൽ ഇത്തവണ അത് 37 ആയി ഉയർന്നു. മമ്പള്ളിക്കുന്ന് വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എ. സിന്ധു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു ആദ്യ ജയം.ബുധനാഴ്ച ഉച്ചയോടെ 52 വാർഡുകളുടെ ഫലം പുറത്തുവന്നപ്പോൾ സി.പി.എം 33 സീറ്റ് നേടി തലശ്ശേരിയിൽ ആധിപത്യം നിലനിർത്തി. എൽ.ഡി.എഫിലെ ഘടകകക്ഷികളായ സി.പി.െഎ മൂന്ന് സീറ്റും െഎ.എൻ.എൽ ഒരു സീറ്റും കരസ്ഥമാക്കി. യു.ഡി.എഫിൽ മുസ്ലിം ലീഗിനാണ് കൂടുതൽ സീറ്റ് നഷ്ടമായത്.
കഴിഞ്ഞ കൗൺസിലിൽ ഏഴ് സീറ്റുണ്ടായിരുന്നത് ഇത്തവണ നാലായി ചുരുങ്ങി. കോൺഗ്രസ് മൂന്ന് സീറ്റിലുമൊതുങ്ങി. എന്നാൽ, യു.ഡി.എഫിനേക്കാൾ ഒരു സീറ്റ് കൂടുതൽ നേടി ബി.ജെ.പി തലശ്ശേരി നഗരസഭയിൽ പ്രതിപക്ഷ സ്ഥാനത്ത് മുൻനിരയിലായി. കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ എട്ട് സീറ്റായി നഗരസഭയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.
മുസ്ലിം ലീഗിെൻറ പ്രസ്റ്റീജ് സീറ്റായിരുന്ന സൈദാർപള്ളി, മാരിയമ്മ വാർഡുകൾ ഇത്തവണ സി.പി.എം പിടിച്ചെടുത്തു. സി.പി.എമ്മിെൻറ ചില വാർഡുകൾ ബി.ജെ.പി കൈയടക്കിയെങ്കിലും കോൺഗ്രസിെൻറ കൈയിെല ചില വാർഡുകൾ സി.പി.എമ്മും തിരിച്ചുപിടിച്ചു.
യു.ഡി.എഫിെൻറ കുത്തക സീറ്റുകൾ അടക്കം പിടിച്ചെടുത്താണ് എൽ.ഡി.എഫ് ചരിത്ര വിജയം നേടിയതെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറിയുമായ എം.സി. പവിത്രൻ പറഞ്ഞു. ബി.ജെ.പിയുടെ മുന്നേറ്റവും യു.ഡി.എഫ് കേന്ദ്രങ്ങളിൽ ക്ഷീണമുണ്ടാക്കി. എട്ട് സീറ്റ് നേടി പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി.
ചരിത്രത്തിൽ ആദ്യമായി നഗരസഭയിലെ പ്രതിപക്ഷ സ്ഥാനം അലങ്കരിക്കാനുള്ള അവസരവും ബി.ജെ.പിക്ക് കൈവന്നിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് മഞ്ഞോടി വാർഡും ലീഗിൽ നിന്ന് ചേറ്റംകുന്ന് വാർഡും പിടിച്ചെടുക്കാനായതാണ് ബി.ജെ.പിയുടെ നേട്ടം.അതേസമയം, യു.ഡി.എഫിന് കനത്ത പ്രഹരമാണുണ്ടായത്.
മൂന്ന് സീറ്റിൽ മത്സരിച്ച വെൽഫെയർ പാർട്ടിയും പരാജയപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ വെൽഫെയർ പാർട്ടിക്ക് രണ്ട് സീറ്റുണ്ടായിരുന്നു. ലീഗിന് ആധിപത്യമുളള ചേറ്റംകുന്നിൽ വിമത സ്ഥാനാർഥി പി.പി. സാജിതയുടെ സാന്നിധ്യമാണ് ലീഗിന് തിരിച്ചടിയായത്.
ബി.ജെ.പി ജയിച്ച ഈ വാർഡിൽ ലീഗ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ലീഗ് വിമത സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തി. തിരുവങ്ങാട് വാർഡിൽ യു.ഡി.എഫിനെയും ബി.ജെ.പിയെയും നിഷ്പ്രഭമാക്കി സി.പി.െഎ സ്ഥാനാർഥിയാണ് വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.ഡി.പി.െഎ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മുന്നേറ്റമുണ്ടാക്കാൻ അവർക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.