കണ്ണൂർ: അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുകയാണ്. മാലിന്യസംസ്കരണത്തിനും പരിപാലനത്തിനും മുൻതൂക്കം നൽകുന്ന പാഠങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഇത്തവണ. വിദ്യാലയ പരിസരം, ക്ലാസ് മുറികൾ, പാചകശാല, ശുചിമുറികൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയും മാലിന്യപരിപാലനവും സംബന്ധിച്ച പാഠങ്ങൾ പുസ്തകങ്ങളിലുണ്ട്.
സ്കൂൾ തലത്തിൽ ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് അധ്യാപകർക്കിടയിൽ ബോധവത്കരണവും നടത്തിയിരുന്നു. പ്രവേശനോത്സവത്തിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ മാലിന്യസംസ്കരണത്തിൽ സ്കൂളുകൾ തുടർച്ചയായി വീഴ്ച വരുത്തുന്നത് വാർത്തയായിരുന്നു. സ്കൂളുകളിൽ മാലിന്യ പരിപാലനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജില്ല ശുചിത്വമിഷൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.
കഴിഞ്ഞ അധ്യയന വർഷം ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 58 സ്കൂളുകൾക്ക് പിഴ ചുമത്തി. മാലിന്യം തരം തിരിക്കാതെ സൂക്ഷിച്ചതും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിച്ചതുമായിരുന്നു പ്രധാന നിയമലംഘനങ്ങൾ.
കടലിലേക്ക് അടക്കം മലിനജലം ഒഴുക്കിവിട്ട സംഭവങ്ങളുമുണ്ടായി. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനുമുള്ള ശീലം വളർത്തണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ജൈവമാലിന്യ സംസ്കരണത്തിനായി റിങ് കമ്പോസ്റ്റ്, മേൽക്കൂരയുള്ള കമ്പോസ്റ്റ് കുഴി തുടങ്ങിയ ഏതെങ്കിലും സംവിധാനം സ്കൂളിൽ ഉണ്ടെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക്, കടലാസ് തുടങ്ങിയ അജൈവ മാലിന്യം തരംതിരിച്ച് വൃത്തിയായി സൂക്ഷിക്കുകയും അതത് മാസം ഹരിതകർമസേനക്ക് കൈമാറുകയും വേണം. ദ്രവ മാലിന്യവും മലിനജലവും പൊതുസ്ഥലത്ത് ഒഴുക്കി വിടാതെ സംസ്കരിക്കണം.
ഇതിനായി സോക്പിറ്റുകൾ തയാറാക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവ ഒരുക്കണം. സ്കൂളുകളിൽ ആവശ്യാനുസരണം ശുചിമുറികൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടാം. പഞ്ചായത്തുകളിൽ ശൗചാലയങ്ങളുടെ യൂനിറ്റ് കോസ്റ്റിന്റെ 70 ശതമാനം ശുചിത്വമിഷൻ വഴി ലഭ്യമാണ്.
ഒരുതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേപ്പർ കപ്പ്, പ്ലേറ്റ്, ക്യാരിബാഗ് തുടങ്ങിയവ പൊതുപരിപാടികളിൽ ഉപയോഗിക്കരുത്. സ്കൂൾ പരിപാടികളുടെ ഭാഗമായി നിരോധിത പി.വി.സി ഫ്ലക്സ് ബാനറുകളും ബോർഡുകളും ഉപയോഗിക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.