കണ്ണൂർ: ജില്ലയിലെ 800 വായനശാലകൾ ആധുനികവത്കരണത്തിലേക്ക്. ഒപ്പം ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും വായനശാലകൾ ആരംഭിക്കാനുള്ള പദ്ധതികളും നടപ്പാക്കും. ജില്ല ലൈബ്രറി കൗൺസിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരത്തിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
ജില്ലയിൽ ആകെ 1,000 വായനശാലകളാണുള്ളത്. ഇതിൽ 800 വായനശാലകൾക്ക് ആധുനികവത്കരണത്തിന് ആവശ്യമായ ഉപകരണങ്ങൾ നൽകി. അഴീക്കോട്, ഇരിക്കൂർ, പേരാവൂർ നിയോജക മണ്ഡലങ്ങൾ ഒഴിച്ചുള്ള ഒമ്പത് മണ്ഡലങ്ങളിലെ വായനശാലകൾക്കാണ് ആധുനിക വത്കരണത്തിനാവശ്യമായ ഉപകരണങ്ങൾ നൽകിയിട്ടുള്ളത്. കേരളത്തിൽ തന്നെ ഏറ്റവും അധികം വായനശാലകളുള്ള ഗ്രാമപഞ്ചായത്താണ് മയ്യിൽ. ഇവിടെയുള്ള 34 വായന ശാലകളും ആധുനികവത്കരണത്തിെൻറ പാതയിൽ നീങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് ചുവട് പിടിച്ചാണ് മറ്റ് ലൈബ്രറികൾ ആധുനികവത്കരിക്കുന്നതിെൻറ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നത്.
ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും എല്ലാ വാർഡുകളിലും വായനശാല തുടങ്ങാനും ജില്ല ലൈബ്രറി കൗൺസിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി മലയോര മേഖലകളിലാണ് ശ്രദ്ധ നൽകുന്നത്. മലയോര മേഖലകളിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ പൈലറ്റ് പ്രോജക്ടായി ആദ്യം മലയോര മേഖലകളിൽ പദ്ധതി നടപ്പാക്കും. മലയോര മേഖലകളിൽ വായനശാലകൾ കുറവാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പേരാവൂർ, നടുവിൽ, ഉദയഗിരി, ഏരുവേശ്ശി, പയ്യാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ പൈലറ്റായി നടപ്പാക്കും.
വായനശാലകളെ ജനസേവന കേന്ദ്രമാക്കി മാറ്റുകയാണ് ആധുനികവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ ജനങ്ങൾക്ക് എല്ലാവിധ അറിവിെൻറയും വിവര വിനിമയത്തിെൻറയും കേന്ദ്രമായി വായനശാലകൾ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നര മാസം കൊണ്ട് വായനശാലകളുടെ ആധുനികവത്കരണം പൂർത്തിയാക്കും. ഡോ.വി. ശിവദാസൻ എം.പിയുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.