കണ്ണൂർ: ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ഗ്രന്ഥശാലകള്‍ ശാസ്ത്രബോധത്തിന്റെ പ്രചാരകരാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 17ാം പുസ്തകോത്സവം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബദ്ധജഡിലമായ കാര്യങ്ങളാണ് ഇന്ത്യയില്‍ പലരും പഠിപ്പിക്കുന്നത്. ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ആദ്യ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഗണപതിക്കാണെന്നും പറയുന്നു.
ഈ ഘട്ടത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് ശാസ്ത്ര സത്യങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കാനാകണം. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചരിത്ര സത്യങ്ങള്‍ ഒഴിവാക്കുകയാണ് അത്തരക്കാരുടെ രീതി. എന്നാല്‍, ഇത്തരം ചരിത്ര പാഠങ്ങള്‍ കൂടി പഠിപ്പിക്കാന്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു.
19മുതല്‍ 22വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പുസ്തകോത്സവം. 70 പ്രസാധകരുടെ 144 സ്റ്റാളുകളാണ് മേളയിലുള്ളത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവേശനം. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി. പത്മനാഭന് വിശിഷ്ടാതിഥിയായി. എഴുത്തുകാരന് പ്രസാദ് കൂടാളിയുടെ ‘ജീവവൃക്ഷത്തിന്റെ വേരുകള്‍’ പുസ്തകം സ്പീക്കര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് നല്കി പ്രകാശനം ചെയ്തു.
കെ.വി. സുമേഷ് എം.എല്‍.എ, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന് മഠത്തിൽ, ടി.കെ. ഗോവിന്ദന്, കൗണ്‍സിലര്‍ പി.കെ. അന്‍വര്‍, സി.പി. മുരളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.