കണ്ണൂർ: യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പുതിയ ലിഫ്റ്റ് തുറന്നു. 13 പേർക്ക് കയറാൻ സൗകര്യമുണ്ട്. ഇതോടെ റെയിൽവേ സ്റ്റേഷനിൽ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കും കിഴക്കേ കവാടത്തിലേക്കും ലിഫ്റ്റ് സൗകര്യമായി. 40 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിർമിച്ചത്.
പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നു പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ കോണിപ്പടികളോട് ചേർന്നാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ഒരുവർഷം മുമ്പാണ് പ്രവൃത്തി തുടങ്ങിയത്. ലിഫ്റ്റ് സ്ഥാപിച്ചെങ്കിലും ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ തുറന്നുകൊടുക്കാനായില്ല.
ഒന്നാം പ്ലാറ്റ്ഫോമിലെത്തുന്ന യാത്രക്കാർക്ക് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കും കിഴക്കേ കവാടം വഴി പുറത്തേക്കും പോകണമെങ്കിൽ ഇതുവരെ കുത്തനെയുള്ള പടികൾ കയറി മേൽപ്പാലത്തിലേറണമായിരുന്നു. ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ചെത്തിയാൽ മേൽപാലത്തിൽ യാത്രക്കാരുടെ തിക്കുംതിരക്കുമാകും.
പ്രായമായവരും ലഗേജും കുട്ടികളുമായി വരുന്നവരും മേൽപ്പാലം കയറാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. വണ്ടിയിറങ്ങി പുറത്തുകടക്കാനായി മേൽപാലം കയറുന്നവരുടെ തിക്കിലും തിരക്കിലും ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങാനും ടിക്കറ്റ് കൗണ്ടറിനടുത്ത് എത്താനുമാവാതെ ട്രെയിൻ വിട്ടുപോയ നിരവധി സംഭവങ്ങളുമുണ്ടായിരുന്നു. കുടുംബവുമായി യാത്രചെയ്യുന്നവരിൽ എല്ലാവർക്കും ട്രെയിനിൽ കയറാനാവാതെ ഒറ്റപ്പെട്ടുപോയ സംഭവങ്ങളും ഏറെയാണ്. ഒന്നാം പ്ലാറ്റ്ഫോമിലും ലിഫ്റ്റ് സൗകര്യമായതോടെ ആശ്വാസത്തിലാണ് യാത്രക്കാർ.
രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ ആറുപേർക്കും മൂന്നിൽ 13 പേർക്കുമാണ് പരമാവധി യാത്ര. തെക്കുഭാഗത്തെ മേൽപാലം സൗകര്യമുള്ളതാണെങ്കിലും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് മാത്രമേ ഇറങ്ങാനാവൂ. കിഴക്കേ കവാടത്തിലേക്ക് ഇതുവഴി പോകാനാവില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ തുടങ്ങി കിഴക്കേ കവാടത്തിൽ ഇറങ്ങാനുള്ള തരത്തിൽ സൗകര്യമുള്ള മേൽപ്പാലം ഒരുക്കണമെന്നാണ് ആവശ്യം. ഒന്നാം പ്ലാറ്റ്ഫോമിൽ ലിഫ്റ്റ് സൗകര്യം വന്നെങ്കിലും ഒന്നിലേറെ ട്രയിനുകൾ ഒന്നിച്ചുവന്നാൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കുടുങ്ങിയ മേൽപാലത്തിനും ലിഫ്റ്റിനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.