കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി കുറിച്ചതോടെ കണ്ണൂരിൽ ഇനി പ്രചാരണച്ചൂടേറും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്കു മുന്നേ എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം.വി. ജയരാജനും വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജയും കാസർകോട് മണ്ഡലം സ്ഥാനാർഥി എം.വി. ബാലകൃഷ്ണനും പ്രചാരണ ചൂടിലേക്കിറങ്ങി. സീറ്റ് തിരിച്ചുപിടിക്കുക ലക്ഷ്യത്തോടെ പാർട്ടി ജില്ല സെക്രട്ടറിയായിരുന്ന എം.വി. ജയരാജനെയും കൈവിട്ട സീറ്റിനായി വടകരയിൽ കെ.കെ. ശൈലജയെയുമാണ് സി.പി.എം കളത്തിലിറക്കിയത്. പയ്യന്നൂരും കല്യാശ്ശേരിയും ഉൾപ്പെടുന്ന കാസർകോട് മണ്ഡലത്തിലും ജില്ല സെക്രട്ടറിയെതന്നെ പാർട്ടി രംഗത്തിറക്കി. ഫെബ്രുവരി 27ന് കളത്തിലിറങ്ങി ഇവർ പ്രചാരണത്തിൽ മുന്നിലെത്തി.
മാർച്ച് രണ്ടിന് ബി.ജെ.പി സ്ഥാനാർഥികളുമെത്തി. കോൺഗ്രസ് വിട്ട സി. രഘുനാഥിനെയാണ് എൻ.ഡി.എ കണ്ണൂർ പാർലമെൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാക്കിയത്. ഒടുവിലാണ് കോൺഗ്രസിൽനിന്ന് സർപ്രൈസ് എൻട്രിക്ക് കളമൊരുക്കാതെ കെ. സുധാകരനും മാസ് എൻട്രിയായി ഷാഫി പറമ്പിൽ തലശ്ശേരി, കൂത്തുപറമ്പ് ഉൾപ്പെടുന്ന വടകര മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങിയത്.
എൽ.ഡി.എഫും എൻ.ഡി.എയും ഇതിനോടകം പ്രചാരണത്തിൽ മുന്നിൽ നിന്നതിനെ ഓടിപ്പിടിക്കുകയാണ് യു.ഡി.എഫ്. കെ. സുധാകരനും ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനും വിവിധ ഭാഗങ്ങളിലെത്തി. സി.പി.എമ്മിന്റെ കോട്ടയാണ് കണ്ണൂർ ജില്ലയെങ്കിലും യു.ഡി.എഫിന് അനുകൂലമായാണ് പാർലമെന്റ് മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വലിയ ഭൂരിപക്ഷത്തിലാണ് സുധാകരൻ ജയിച്ചുകയറിയത്. എന്നാൽ, ഇത്തവണ പാർട്ടി ജില്ല സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻതന്നെ കളത്തിലറങ്ങിയതിനാൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമെന്ന് ഉറപ്പാണ്. 2021ലെ നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷമാണ് ഇടതിന്റെ പ്രതീക്ഷ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും നൈറ്റ് മാർച്ചടക്കമുള്ള ബഹുജന പ്രക്ഷോഭ പരിപാടികളുമായും സജീവമാണ്. കെ.കെ. ശൈലജയുടെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ തലശ്ശേരിയിലും കെ. സുധാകരന്റെയും രാജ്മോഹൻ ഉണ്ണിത്താന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ കണ്ണൂരിലും നടത്തിയ നൈറ്റ് മാർച്ചിൽ വൻജനക്കൂട്ടമാണ് എത്തിയത്.
പുതുതലമുറയുടെ വോട്ടുറപ്പിക്കാൻ കാമ്പസുകളിലും സ്ഥാനാർഥികളെത്തി. ചുമരെഴുത്തും റോഡ് ഷോയും ഗോദയെ സജീവമാക്കുന്നു. കത്തുന്ന വെയിലിലും പരമാവധി വോട്ടുറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.