കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിൽ കണ്ണൂരിൽ ഇടതിന്റെ മാനം കാത്തത് പയ്യന്നൂർ മണ്ഡലം. ഇടതുകോട്ടയായ ഇവിടെ മാത്രമാണ് എൽ.ഡി.എഫ് ഭൂരിപക്ഷം 10,000 കടന്നത്. തലശ്ശേരി, കല്യാശ്ശേരി, മട്ടന്നൂർ, ധർമടം എന്നിവയാണ് എൽ.ഡി.എഫ് ലീഡുള്ള മറ്റ് മണ്ഡലങ്ങൾ. ഇതിൽ തലശ്ശേരി ഒഴിച്ചുനിർത്തിയാൽ ശേഷിക്കുന്ന മൂന്നിടത്തും നേരിയ ഭൂരിപക്ഷമാണുള്ളത്. കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പമാണ്. 11 മണ്ഡലങ്ങളിൽ ആറ് യു.ഡി.എഫ്, അഞ്ച് എൽ.ഡി.എഫ് എന്നിങ്ങനെയാണ് ജില്ലയുടെ പുതിയ ചിത്രം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി മട്ടന്നൂർ നിയമസഭ മണ്ഡലത്തിന്റെ വിധിയെഴുത്ത്. 2021ൽ സി.പി.എമ്മിലെ കെ.കെ. ശൈലജക്ക് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മണ്ഡലം പക്ഷെ, ഇക്കുറി തീർത്തും വഴിമാറി. 3034 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന് ലഭിച്ചത്. 2021ല് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ വിജയിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില് പി.കെ. ശ്രീമതിക്ക് 7488 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
2019ൽ 11,612 വോട്ടുനേടിയ ബി.ജെ.പിക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18,223 വോട്ട് നേടാനായി. എന്നാൽ, ഇത്തവണ 19159ൽ എത്തി.
കാസർകോട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ മാനം കാത്തത് പയ്യന്നൂർ മണ്ഡലം. എൽ.ഡി.എഫിലെ എം.വി. ബാലകൃഷ്ണന് 13,257 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെനിന്ന് ലഭിച്ചത്. കഴിഞ്ഞ തവണ 26,131 വോട്ടുകൾ എൽ.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രന് അധികം ലഭിച്ചിരുന്നു. ഇതാണ് പകുതിയായി കുറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷമാണ് ടി.ഐ. മധുസൂദനന് ലഭിച്ചത്. 2019ലെ യു.ഡി.എഫ് തരംഗത്തിലും ശബരിമല വിഷയമുണ്ടായിട്ടും ലഭിച്ച 26,131 വോട്ടാണ് പകുതിയായത്. ബി.ജെ.പി വോട്ട് ഇത്തവണ ഇരട്ടിയാക്കി. 2019ൽ ബി.ജെ.പിക്ക് 9268 വോട്ട് കിട്ടിയത് ഇത്തവണ 18,466 ആയി.
കെ. സുധാകരന്റെ ഭൂരിപക്ഷം വർധിച്ചതിൽ നിർണായക പങ്കുവഹിച്ച പേരാവൂരിന് പക്ഷെ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്താനായില്ല. കെ. സുധാകരന് 23,481വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. 2019ൽ ഭൂരിപക്ഷം 23,665 വോട്ടുകൾ ലഭിച്ചിരുന്നു. 184 വോട്ടിന്റെ കുറവാണുണ്ടായത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 3172 മാത്രമായി. 2019ൽ 10,054 വോട്ടുകൾ നേടിയ ബി.ജെ.പി ഇത്തവണ 15,407 വോട്ട് നേടി നിലമെച്ചപ്പെടുത്തി.
യു.ഡി.എഫിലെ രാജ് മോഹൻ ഉണ്ണിത്താന് കനത്ത പിന്തുണ നൽകി ഇടതുകോട്ടയായ കല്യാശ്ശേരിയും. മണ്ഡലത്തിലെ വോട്ടു ചോർച്ച ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു. 2019ലെ തരംഗത്തിലും എൽ.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രന് 13,694 വോട്ടിന്റെ ഭൂരിപക്ഷം നൽകി ഇടതു ചായ്വ് പ്രകടിപ്പിച്ച മണ്ഡലം ഇത്തവണ എം.വി. ബാലകൃഷ്ണന് വെറും 1058 വോട്ടിന്റെ ഭൂരിപക്ഷം മാത്രം നൽകി.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. വിജിന് 44,393 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ 9854 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 17,688 വോട്ടാണ് നേടിയത്.
വടകര ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫിന്റെ പടയോട്ടത്തിൽ കൂത്തുപറമ്പ് മണ്ഡലവും കൈത്താങ്ങായി. യു.ഡി.എഫിലെ ഷാഫി പറമ്പിലിന് 10,892 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെനിന്ന് ലഭിച്ചത്. 2019ൽ കെ. മുരളീധരന് 4133 വോട്ടാണ് പി. ജയരാജനെക്കാൾ അധികം ലഭിച്ചത്. ഇതാണ് ഇരട്ടിയിലധികമായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 9541 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ കെ.പി. മോഹനൻ വിജയിച്ചത്. 2019ൽ ബി.ജെ.പിക്ക് 15,503 വോട്ടാണ് കിട്ടിയത്. ഇത്തവണ വോട്ട് 21,988 ആയി. 2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ സദാനന്ദൻ മാസ്റ്റർ 21, 212 വോട്ട് നേടിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തിൽ സുധാകരൻ നേടിയ ഭൂരിപക്ഷം ഇടതു നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചു. യു.ഡി.എഫിനും ബി.ജെ.പിക്കും ബൂത്ത് ഏജൻറുമാരെ ഇരുത്താൻ കഴിയാതിരുന്ന ബൂത്തുകളിൽ പോലും യു.ഡി.എഫ് വൻനേട്ടമാണ് കൈവരിച്ചത്.
എം.വി. ഗോവിന്ദൻ എം.എൽ.എയായ തളിപ്പറമ്പിൽ 8,787 വോട്ടിനാണ് ഇത്തവണ കെ. സുധാകരൻ മേൽകൈ നേടിയത്. കഴിഞ്ഞ തവണ സുധാകരൻ 725 വോട്ടാണ് അധികം നേടിയിരുന്നത്. പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ മിക്ക ബൂത്തിലും മറ്റ് പാർട്ടി ഏജൻറുമാർ ഉണ്ടായിരുന്നില്ല. ഇവിടെയും യു.ഡി.എഫും ബി.ജെ.പിയും വോട്ടുകൾ നേടി. 2021ൽ എം.വി. ഗോവിന്ദന് 22,689 വോട്ടിന്റ ഭൂരിപക്ഷമാണ് കിട്ടിയിരുന്നത്. 2019ൽ നേടിയ 8,659 വോട്ട് ഇത്തവണ 16,706 ആക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം എൽ.ഡി.എഫിന് നൽകിയത് നേരിയ ലീഡ്. 2021ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് 50,123 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലത്തിൽ ഇത്തവണ 2616 വോട്ടിന്റെ ലീഡ് നേടാനേ എം.വി. ജയരാജന് കഴിഞ്ഞുള്ളു. 2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിലും എൽ.ഡി.എഫിലെ പി.കെ. ശ്രീമതിക്ക് 4099 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലം നൽകിയിരുന്നു. അത് നിലനിർത്താൻ ഇത്തവണ സി.പി.എമ്മിന് കഴിഞ്ഞില്ല. 2019ൽ ബി.ജെ.പിക്ക് ഇവിടെ 8538 വോട്ടുകളാണ് കിട്ടിയത്. അത് ഇത്തവണ 16,711 വോട്ടായി വർധിച്ചിട്ടുണ്ട്.
കണ്ണൂർ മണ്ഡലം യു.ഡി.എഫിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ, രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കെ. സുധാകരന് ഇത്തവണ മണ്ഡലം നൽകിയത് 26,030 വോട്ടിന്റെ ഭൂരിപക്ഷം. 2019ൽ കെ. സുധാകരന് മണ്ഡലം 23,423 വോട്ടിന്റെ ലീഡാണ് നൽകിയത്. 2021ൽ എൽ.ഡി.എഫിലെ രാമചന്ദ്രൻ കടന്നപ്പള്ളി 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2019ൽ 9740 വോട്ടുനേടിയ ബി.ജെ.പിക്ക് 2021ൽ 11,581ഉം ഇത്തവണ 16,975 വോട്ടും നേടാനായി.
എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ തോൽവിക്ക് തലശ്ശേരി നിയോജക മണ്ഡലവും കാരണമായി. 2019ൽ എൽ.ഡി.എഫിലെ പി. ജയരാജൻ വടകരയിൽ പരാജയപ്പെട്ടപ്പോഴും മണ്ഡലം 11,469 വോട്ടിന്റെ ഭൂരിപക്ഷം നൽകി. എന്നാൽ, ഇത്തവണ കെ.കെ. ശൈലജക്ക് 8630 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ എ.എൻ. ഷംസീറിന് 36,801 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 2019ൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ 13,456 വോട്ടാണ് കിട്ടിയിരുന്നത്. ഇത്തവണ 18,869 വോട്ട് നേടാനായി.
യു.ഡി.എഫ് ഉരുക്കു കോട്ടയായ ഇരിക്കൂർ ഇത്തവണയും വലിയ തിളക്കമാണ് സമ്മാനിച്ചത്. 34,786 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് ഇത്തവണ ഇരിക്കൂർ നൽകിയത്. ജില്ലയിൽ സുധാകരന് ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മണ്ഡലവും ഇരിക്കൂർ തന്നെ.
2019ലെ തെരഞ്ഞെടുപ്പിൽ 37,320 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലത്തിൽ ഇത്തവണ പോളിങ് കുറഞ്ഞതാണ് ഭൂരിപക്ഷത്തിൽ ചെറിയ മാറ്റം വരാനിടയായത്.
കഴിഞ്ഞ തവണ 52,901 വോട്ടുകൾ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 46,358 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻ.ഡി.എ സഖ്യം 2019ൽ 7,289 വോട്ടുകൾ ഉണ്ടായിരുന്നത് ഇത്തവണ 13,562 വോട്ടുകളായി നില മെച്ചപ്പെടുത്തി.
എൽ.ഡി.എഫ് മണ്ഡലമായ അഴീക്കോടും യു.ഡി.എഫിന് ലഭിച്ചത് മികച്ച ഭൂരിപക്ഷം. 22,218 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ. സുധാകരന് ലഭിച്ചത്. 2019ൽ 21,857 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്താണ് ഇത്തവണ വീണ്ടും കൂടിയത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.വി. സുമേഷ് 6141 ന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി കെ. സുധാകരനൊപ്പമാണ് അഴീക്കോട്. 2019ൽ ബി.ജെ.പി 11, 728 വോട്ട് നേടിയിരുന്നിടത്ത് ഇത്തവണ 19, 832 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.