കണ്ണൂർ: വടകരയെന്ന വൻകര കീഴ്പ്പെടുത്താനാൻ നിയോഗിക്കപ്പെട്ട കെ.കെ. ശൈലജക്ക് കൂനിൻമേൽകുരുവായി പാനൂർ ബോംബ് സ്ഫോടനവും തുടർന്നുള്ള വിവാദവും. ലോക്സഭ തെരഞ്ഞെടുപ്പ് ദിനം അടുത്തെത്തിയിരിക്കെ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകന്റെ മരണം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് യു.ഡി.എഫ്. നിയോജകമണ്ഡലടിസ്ഥാനത്തിൽ ഇടതിനു മുൻതൂക്കവും എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നരപതിറ്റാണ്ടായി യു.ഡി.എഫിനൊപ്പവും നിൽക്കുന്ന വടകര ലോക്സഭ മണ്ഡലം എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുത്തയായ സ്ഥാനാർഥിയായ കെ.കെ. ശൈലജയെ തന്നെ കളത്തിലിറക്കിയത്.
യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ മുന്നേ കളംനിറഞ്ഞ ശൈലജയെയും ഇടതിനെയും ഞെട്ടിച്ചിരിക്കുകയാണ് കുന്നോത്തുപറമ്പിലെ സ്ഫോടനം. പ്രചാരണം തുടങ്ങിയയുടൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഹൈകോടതി വിധി വന്നതോടെ സമ്മർദത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് പാനൂരിലെ ബോംബ് സ്ഫോടനവും. സ്ഫോടനത്തിൽ പങ്കില്ലെന്ന് പറയുമ്പോഴും സി.പി.എം നേതാക്കളോടൊപ്പമുള്ള ഷറിലിന്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൂടാതെ സ്ഫോടനത്തിൽ മരിച്ചയാൾക്കും പരിക്കേറ്റവർക്കും ടി.പി. വധക്കേസിലെ പ്രതികളുമായി ഏറ്റവും നല്ല ബന്ധം സൂക്ഷിക്കുന്നവരാണെന്നും കൊടി സുനിയടക്കമുള്ളവരുടെ കൂടെയുള്ള ചിത്രങ്ങൾ ഇതിനോടകം പ്രചരിക്കുന്നുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. പാനൂരിൽ നാടൻബോംബ് നിർമിക്കുന്നുവെന്ന മാസങ്ങൾ മുന്നേയുള്ള ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് അവഗണിച്ചത് ബോംബ് നിർമിക്കാൻ സി.പി.എമ്മിന് നിശ്ശബ്ദ അനുമതി നൽകിയതിന് സമാനമാണെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ സഹിതമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നത്. ആറു കേസുകളിൽ പ്രതിയാണെന്നതിനാൽ വിനീഷ് ഇന്റലിജൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.