'ഈ ദുരിതത്തിന് പരിഹാരം കാണണം...'; ജില്ല ആശുപത്രി ലാബിനുമുന്നിൽ മണിക്കൂറുകൾ നീളുന്ന വരി

കണ്ണൂർ: ജില്ല ആശുപത്രിയിൽ ലാബിനുമുന്നിൽ ഫലം ലഭിക്കാൻ കാത്തുനിൽക്കേണ്ടത് മണിക്കൂറുകളോളം. ലാബ് കമ്പ്യൂട്ടറൈസ്ഡ് ചെയ്തപ്പോൾ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ഫലം ലഭിക്കാൻ രാവിലെ എട്ട് മുതൽ ലാബിന് മുന്നിൽ നീണ്ട വരിയാണ്.

ഇത് ഏതാണ്ട് 11 മണിവരെ നീളും. സ്രവം നൽകാനും ഫലം വാങ്ങാനുമായി പലപ്പോഴും ഒറ്റവരിയിൽ നിൽക്കേണ്ട അവസ്ഥയാണ്. തിരക്കുള്ള സമയങ്ങളിൽ ഒരു ജീവനക്കാരി മാത്രമാണ് കൗണ്ടറിലുണ്ടാവുക. ഇത് പലപ്പോഴും വാക്കുതർക്കത്തിന് കാരണമാകുന്നു.

എന്നാൽ, ഫലം പെട്ടെന്ന് ലഭ്യമാക്കാനുതകുന്ന ബാർകോഡ് അടക്കമുള്ള ആധുനിക സൗകര്യമുള്ള സംവിധാനങ്ങൾ ഉടൻ തയാറാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതോടെ ലാബിന് മുന്നിലുള്ള തിരക്കിന് പരിഹാരമാകും. ഫലം കൂടുതൽ കൃത്യതയോടെ വേഗത്തിൽ ലഭിക്കാനാണ് ലാബ് കമ്പ്യൂട്ടറൈസ്ഡ് ചെയ്തത്. സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ബാർകോഡ് സംവിധാനമടക്കമുള്ളവ നടപ്പാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം അവസാന ഘട്ടത്തിലാണെന്നും മേയ് അവസാനത്തോടെ കെട്ടിടം ആശുപത്രിക്ക് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. ഇതോടെ രോഗികൾക്ക് കൂടുതൽ സൗകര്യം ലഭ്യമാകും. വൈദ്യുതീകരണ പ്രവർത്തനങ്ങൾ മാത്രമേ ഇനി ബ്ലോക്കിൽ പൂർത്തിയാകാനുള്ളൂ.

കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി തുടങ്ങിയ വിവിധ വിഭാഗങ്ങൾ, അമ്മയും കുഞ്ഞും പ്രത്യേക ചികിത്സ വിഭാഗം, ഐ.സി.യുകൾ, രണ്ട് ശസ്ത്രക്രിയ വാർഡുകൾ എന്നിവയാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഒരുങ്ങുന്നത്. 

Tags:    
News Summary - long queue in front of the District Hospital Lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.