പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

കണ്ണൂർ: കോവിഡ് മൂന്നാം തരംഗം അതിജീവിച്ച് കരകയറിവരുന്ന ഹോട്ടൽ, കാറ്ററിങ് മേഖലക്ക് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന.

ലോക്ഡൗൺ ഇളവുകൾ പൂർണമായി നിലവിൽവന്നതിന് പിന്നാലെയാണ് വ്യാപാരികൾക്ക് തിരിച്ചടിയായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചത്.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റ് ഭക്ഷണശാലകൾ, ബാറുകൾ, ക്ലബുകൾ തുടങ്ങിയവയിൽ 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞദിവസം സർക്കാർ അനുവാദം നൽകിയത് വ്യാപാരികൾക്ക് ആശ്വാസമായിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് നൂറിലേറെ രൂപ കൂട്ടിയത് ചെറുകിട, വൻകിട ഹോട്ടലുകളെ ഒരുപോലെ ബാധിക്കും. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കണ്ണൂരിലെ വില 2067 രൂപയായി. അഞ്ചുകിലോ സിലിണ്ടറിന് 27 രൂപയും വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു. ഒരുമാസം കഴിയും മുമ്പേയാണ് വില വീണ്ടും വർധിച്ചത്.

യുക്രെയ്ൻ-റഷ്യ യുദ്ധത്തെത്തുടർന്ന് ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതാണ് വിലവർധനക്ക് കാരണമായി പറയുന്നത്. ഒരുവർഷത്തിനിടെ 100 ശതമാനത്തിലേറെ വർധനയാണ് വാണിജ്യ സിലിണ്ടറുകൾക്കുണ്ടായത്. കഴിഞ്ഞ നവംബറിൽ 265 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

യുക്രെയ്ൻ -റഷ്യ യുദ്ധത്തോടെ പാചക ഓയിലിനും 25 ശതമാനം വില വർധിച്ചിട്ടുണ്ട്. മറ്റ് അവശ്യ സാധനങ്ങൾക്കും വിലകൂടിയത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി.

കോവിഡിൽ പിടിച്ചുനിൽക്കാനാവാതെ രണ്ടായിരത്തോളം ചെറുകിട, ഇടത്തരം ഹോട്ടലുകൾക്കാണ് ജില്ലയിൽ പൂട്ടുവീണത്. കോവിഡിനുമുമ്പ് എട്ടായിരത്തോളം ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. പാചകവാതകം അടക്കമുള്ള അവശ്യസാധനങ്ങൾക്ക് വിലവർധിച്ചാൽ ഹോട്ടൽ മേഖല ഇനിയും പ്രതിസന്ധിയിലാകുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു. 80,000ത്തിലധികം തൊഴിലാളികളാണ് ജില്ലയിൽ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ശരാശരി 10 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്.

ഇതിൽ നല്ലൊരുപങ്കും അന്തർസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടൽ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുകയോ മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയോ ചെയ്തു. കോവിഡ് പ്രതിസന്ധിയോടെയാണ് ഹോട്ടൽ, റസ്റ്റാറന്‍റ്, കാറ്ററിങ് മേഖല കാര്യമായ പ്രതിസന്ധി നേരിടാൻ തുടങ്ങിയത്.

വിവിധ ഓഫിസുകളിലെ ജീവനക്കാരും തൊഴിലാളികളും വീട്ടിൽനിന്നുള്ള ഭക്ഷണം പതിവാക്കിയതോടെ ഹോട്ടലുകളിലെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകളിൽ വിലകുറച്ച് ഭക്ഷണം നൽകാൻ തുടങ്ങിയതും ഇരുട്ടടിയായി.

വിവാഹം പോലെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമേർപ്പെടുത്തിയതാണ് കാറ്ററിങ് മേഖലക്ക് തിരിച്ചടിയായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കിയത് ആശ്വാസമായിരുന്നു. ഇതിനുപിന്നാലെയാണ് ഇരുട്ടടിപോലെ ഇന്ധന വില വർധനയുണ്ടായത്.

Tags:    
News Summary - LPG price hike hit hard on hotel sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT