പയ്യന്നൂർ: ഹരിജന സേവനത്തിനുള്ള പ്രവർത്തനത്തിന് ആശംസകളറിയിച്ച് ചരിത്രത്തിൽ ഇടംനേടിയ കൈയക്ഷരവും ലോകം നമിച്ച വിശ്രുതമായ കൈയൊപ്പും പതിഞ്ഞപ്പോൾ ആ സന്ദർശക പുസ്തകവും ചരിത്രത്തിന്റെ ഭാഗം. 89 വർഷം പിന്നിടുമ്പോഴും മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതിയ ആ അക്ഷരങ്ങളും തൊട്ടു താഴെയുള്ള കൈയൊപ്പും പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ വിലമതിക്കാനാവാത്ത നിധിയായി സൂക്ഷിക്കുന്നു.
നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും നവോത്ഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ ഈ കുറിപ്പ് ചരിത്രവിദ്യാർഥികൾക്ക് എന്നും വിജ്ഞാനത്തിന്റെയും ദീപ്തസ്മൃതിയുടെയും വൈകാരികതയുടെയും വെളിച്ചമാണ്. ശ്രീനാരായണ വിദ്യാലയത്തിന്റെ അഗ്നികോണിൽ മഹാത്മാഗാന്ധി നട്ടു വെള്ളമൊഴിച്ച നാട്ടുമാവും ഇന്ന് ചരിത്രത്തിലേക്ക് പടർന്ന് നിൽപ്പുണ്ട്. പ്രായത്തിന് വഴങ്ങാതെ ചരിത്ര സംഭവങ്ങളുടെ സ്മൃതിസാക്ഷ്യമായി.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ആരാധകവൃന്ദത്തോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തുകയായിരുന്നു. ആശ്രമം കണ്ട ശേഷമാണ് സന്ദർശക പുസ്തകത്തിൽ അഭിപ്രായം പങ്കുവെച്ചത്. ഒപ്പും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദൃഷ്ടിയിൽ പെട്ടാൽ പോലും അയിത്തം കൽപിച്ച് ശിക്ഷവിധിച്ച് മാറ്റി നിർത്തിയ ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യൻ സ്വാമി ആനന്ദതീർഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും പുസ്തകം ആശ്രമത്തിൽ അമൂല്യ നിധിയായി സൂക്ഷിക്കുകയുമായിരുന്നു. സന്ദർശനത്തിന്റെ ഓർമക്കായാണ് ഗാന്ധിജി ആശ്രമ വളപ്പിൽ മാവിൻതൈ നട്ടത്. ആശ്രമാധികാരികൾ പരിപാലിച്ച മാവ് മധുര ഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമകളും നൽകി 89 വർഷത്തിന് ശേഷവും നിലനിൽക്കുന്നു. ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മവും കൊണ്ടുവന്ന് മാവിൻ ചുവട്ടിൽ സ്ഥാപിച്ചു. ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്.
പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധി മാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കുക പതിവാണ്. 1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി.സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. ക്വിറ്റ് ഇന്ത്യാ സമരം, കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഉപ്പു നിയമ ലംഘനം തുടങ്ങിയ സമരപരിപാടികൾ ഇതിനു തുടർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.