മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുത്ത് 130 ദിവസം പിന്നിടുമ്പോഴും സർവിസ് റോഡുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. റോഡ് തുറന്നതോടെ മറ്റുള്ള പണികൾ ദേശീയപാത അതോറിറ്റിയുടെ നിസ്സംഗത കാരണം പൂർത്തിയാക്കാത്തതാണ് പൊതുജനങ്ങൾക്ക് ദുരിതമാകുന്നത്.
കരാറുകാർ തൊഴിലാളികളെ മറ്റു സൈറ്റുകളിലേക്ക് നിയോഗിച്ചതായാണ് അറിയുന്നത്. ബൈപാസ് പാത ഇപ്പോഴും കുരിരുട്ടിൽ തന്നെയാണ്. തെരുവുനായ്ക്കളുടെ കേന്ദ്രമായി സർവിസ് റോഡും പാതയും മാറിയതായി നാട്ടുകാർ ആരോപിക്കുന്നു. ഒറ്റപ്പെട്ട് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ പിറകെ നായ്ക്കൾ ഓടുന്നത് നിത്യസംഭവമാണ്. നായ്ക്കൾ പിറകെ ഓടുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊളശ്ശേരി ടോൾ പ്ലാസയിൽ മാത്രമാണ് വെളിച്ചമുള്ളത്. ഈസ്റ്റ് പള്ളൂർ സിഗ്നൽ പോയന്റിൽ ഇരുട്ടായതിനാൽ അപകട മരണങ്ങൾ നടന്നിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ടെൻഡർ നൽകുമെന്ന് പാതയുടെ ഉദ്ഘാടന വേളയിൽ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ടെൻഡർ നടപടികൾ ആയില്ല. സർവിസ് റോഡുകളിലൊന്ന് ചളി നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു. തലശ്ശേരി ഇല്ലത്ത് താഴെ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവിസ് റോഡാണ് ബൈക്കുകൾ ചളിയിൽ തെന്നിവീണ് അപകടം കൂടിയപ്പോൾ അടച്ചിട്ടത്. മെറ്റലിടാത്ത 100 മീറ്റർ ഭാഗത്ത് വേനൽക്കാലത്ത് പോലും യാത്ര ദുസ്സഹമായിരുന്നു.
തലശ്ശേരി ചോനാടത്തുനിന്ന് കൊളശ്ശേരിയിലക്ക് പോകുന്ന സർവിസ് റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ ഇതുവഴി വലിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.ടാർ ചെയ്യാത്തതിനെത്തുടർന്ന് ചളിക്കുളമായതിനാൽ കൊളശ്ശേരിയിൽനിന്ന് ബാലത്തിലേക്ക് പോകുന്ന സർവിസ് റോഡും അടച്ചിട്ടു.
മാഹിയുടെ ഭാഗമായ പള്ളൂർ കൊയ്യോട്ട് കോറോത്ത് റോഡിൽനിന്ന് അറബിക് കോളജ് ഭാഗത്ത് സർവിസ് റോഡിന് സ്ഥലമെടുപ്പ് പൂർത്തിയായിട്ടും റോഡിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ ഏതുനിമിഷവും തകർന്നുവീഴുമെന്ന നിലയിലാണ്. ബൈപാസ് പാതയിലെ അവശേഷിച്ച പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കുമെന്ന് അധികൃതർക്ക് പറയാനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.