മാഹി: മാഹി പാലത്തിന് മുകളിലുള്ള കുണ്ടും കുഴികളും അപകടഭീഷണിയാകുന്നു. മാഹിപാലത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാർ മുന്നിട്ടിറങ്ങി ജില്ലി മിശ്രിതം നിറച്ച് താൽക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും ജോയന്റുകൾ പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് ഉൾപ്പെടെ തകർന്ന് താഴ്ന്ന് രൂപപ്പെട്ട കുഴിയിലൂടെ പാലത്തിന്റെ അടിഭാഗം കാണുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. ഭാരവാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കമാണ് അനുഭവപ്പെടുന്നത്. ഈ കുലുക്കം കാരണമാണ് പാലത്തിന്റെ ജോയന്റുകളടക്കം പൊട്ടിപ്പൊളിഞ്ഞ് വൻഗർത്തങ്ങൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് ബാലൻസ് തെറ്റി വീഴുന്നതും പതിവാണ്. ജോയന്റുകളിലെ വിടവുകൾ വർധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് അടിഭാഗത്തുള്ള കോൺക്രീറ്റടക്കം തകർന്ന് പുറത്തേക്ക് കാണുന്ന നിലയിലാണ്.
2003, 2005 വർഷങ്ങളിൽ ദേശീയപാത അധികൃതർ പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തിയിരുന്നു. പുതിയ പാലത്തിനായി 2014ലാണ് മാഹി പൊതുമരാമത്ത് വകുപ്പ് രൂപരേഖയുണ്ടാക്കിയത്. നാലുവരിപ്പാത വിഭാവനം ചെയ്യുന്ന പദ്ധതിക്ക് 20 കോടി രൂപയാണ് ചെലവു കണക്കാക്കിയിരുന്നത്.
2015 ആഗസ്റ്റ് അഞ്ചിന് മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കാൻ പുതുച്ചേരി എൻ.എച്ച് ഉദ്യോഗസ്ഥർ എക്സിക്യൂട്ടിവ് എൻജിനീയർ വി.ജി. നാഗേശ്വരറാവുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 2016 ജൂൺ 19നു മാഹിപ്പാലം രണ്ടാഴ്ച അടച്ച് മേൽഭാഗത്ത് സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തിയിരുന്നു.
കണ്ണൂർ ജില്ലയെയും മാഹിയെയും ബന്ധിപ്പിക്കുന്ന മാഹി പാലത്തിന് അഞ്ച് സ്ലാബുകളാണുള്ളത്. എക്സ്പാൻഷൻ ജോയന്റുകളിലെ വിള്ളലുകളും സ്റ്റീൽ ചാനലുകൾ (ലിറ്റിങ്ങ് പ്ലേറ്റ്) മുറിഞ്ഞ് ഒടിഞ്ഞും കിടക്കുന്നതും പാലത്തിന്റെ തകർച്ച കൂട്ടുമെന്നാണ് ആശങ്ക. അഞ്ച് സ്ലാബുകൾക്കിടയിലെ നാല് ജോയന്റുകളിലും സ്റ്റീൽ ചാനൽ മുറിഞ്ഞിട്ടുണ്ട്. ജോയിന്റുകളുടെ ഇരുഭാഗത്തും ടാർ ചെയ്ത ഭാഗവും സ്ലാബുകളുടെ കോൺക്രീറ്റുകളും തകർന്ന് താഴ്ന്നത് ടാർ മിശ്രിതം ഒഴിച്ച് മറച്ചുവെക്കുകയാണ്. ഇതിനുപുറമെ മിക്ക സ്ഥലത്തും ടാർ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതിനാൽ പാലത്തിലൂടെ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ഇത് മിക്ക സമയങ്ങളിലും ന്യൂമാഹിയിലും മാഹിയിലും രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
പാലത്തിന്റെ തകർച്ച രൂക്ഷമായപ്പോൾ 2019 നവംബറിലാണ് 11.60 ലക്ഷം രൂപ ചെലവിട്ട് കേരള സർക്കാർ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, ഒരുവർഷം തികയുംമുമ്പ് പാലം വീണ്ടും തകർച്ചയിലായി.
1933 ലാണ് മാഹി പാലം നിർമിച്ചത്. മാഹി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി കേന്ദ്ര ദേശീയപാത വിഭാഗത്തിന് അയക്കുമെന്നും അംഗീകാരം ലഭിച്ചാലുടൻ പ്രവൃത്തി നടത്തുമെന്നും കണ്ണൂർ പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനിയർ ടി. പ്രശാന്ത് മേയിൽ പാലം പരിശോധന നടത്തിയ ശേഷം അറിയിച്ചിരുന്നു. പുതിയ പാലത്തിനായി ഇരുസംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രം മുഖം തിരിക്കുകയാണ്. ബൈപാസ് റോഡ് തുറന്നാൽ മാഹി പാലത്തിന് വലിയ പ്രാധാന്യമുണ്ടാവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.