മാഹി: കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായ പന്തക്കലിലും പരിസരത്തും വെള്ളപ്പൊക്ക ഭീഷണി. മൂലക്കടവ് ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പന്തക്കൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ ആറ് വീടുകളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മാഹി ഫിഷറീസ് വകുപ്പിന്റെ തോണിയിൽ 19 പേരെ റോഡിലേക്ക് എത്തിച്ചതിനെ തുടർന്ന് ഇവർ ബന്ധുവീടുകളിലേക്ക് പോയി.
നവോദയ സ്കൂളിന് സമീപത്തെ ഒരു വീട്ടിലെ നാല് ചെറിയ കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ്, വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ. ബൈജു, മാഹി നഗരസഭ കമീഷണർ സാംഗി പട്ടാരിയ, സിവിൽ സപ്ലൈസ് ഓഫിസർ ജി.പി. അജിത്ത് കുമാർ. പന്തക്കൽ വില്ലേജ് ഓഫിസർ പി. പ്രസന്ന എന്നിവർ വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു.
കോപ്പാലത്ത് വയൽ പീടിക - കോപ്പാലം തോട് കര കവിഞ്ഞതോടെ കരയിലെ സഹോദരങ്ങളായ കെ.പി. വത്സരാജിന്റെയും കെ.പി. ദാമോദരന്റെയും വീട്ടുമുറ്റത്ത് വെള്ളം കയറി. ഇവരും ബന്ധു വീടുകളിലേക്ക് മാറി. പൊന്ന്യം പുഴ കരകവിഞ്ഞതോടെ തലശ്ശേരി-പാനൂർ റോഡിൽ മാക്കുനിയിൽ റോഡിൽ വെള്ളം കയറി. ഇതുവഴി കടന്നു പോകുകയായിരുന്ന ഇരുചക്രവാഹനങ്ങളും ചെറിയ വണ്ടികളും വെള്ളത്തിൽ ഓടാനായില്ല.
പള്ളൂർ കമ്യൂണിറ്റി ഹാൾ മുതൽ അറവിലത്ത് പാലം വരെയുള്ള പ്രദേശം പൂർണമായും വെള്ളം കയറി. ഇവിടെ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചാലക്കര വയൽ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ചാലക്കര - പൂന്നോൽ റോഡിലും പരിസരത്തെ വീടുകളിലും വെള്ളം കയറിയത് ഭീതി പരത്തി. ചാലക്കര മഠം ഗ്യാസ് ഗോഡൗൺ റോഡിലും വെള്ളം കയറി. ഇവിടയെല്ലാം വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. രാത്രി ഒരു മണിക്ക് ശേഷമാണ് കനത്ത മഴയെ തുടർന്ന് ഇവിടെ വെള്ളപ്പൊക്കം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതോടെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് കുറഞ്ഞു.
കാറ്റിലും മഴയിലും പലയിടങ്ങളിലും മതിലുകൾ തകരുകയും മരം കടപുഴകി വീടുകളും തകർന്നു. പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, ഫിഷറീസ് വകുപ്പുകളെ ഏകോപിപ്പിച്ചു മാഹി ഭരണകൂടം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊലീസ്, ദുരന്ത നിവാരണ കൺട്രോൾ റൂമും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.