മാഹി: കനത്ത കാറ്റിലും മഴയിലും മാഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഭാരമുള്ള ഷീറ്റുകൾ പമ്പ് അങ്കണത്തിൽ അടർന്നുവീണത് ആശങ്കയുണർത്തി. ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. ആളപായമില്ല. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വാഹനങ്ങൾ കുറവായതിനാലാണ് ദുരന്തം ഒഴിവായത്.
ഈസ്റ്റ് പള്ളൂരിൽ നാലിടത്ത് ഫീഡർ തകരാറിലായി. മിന്നലിൽ ചാലക്കര, പള്ളൂർ, പന്തക്കൽ, മാഹി എന്നിവിടങ്ങളിൽ ഇൻസുലേറ്റർ പൊട്ടി. ഈസ്റ്റ് പള്ളൂരിൽ നാലിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിയത് പുനഃസ്ഥാപിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാർ വ്യാഴാഴ്ച പുലർച്ചവരെ സേവനനിരതരായിരുന്നു. മിക്കയിടങ്ങളിലും പ്രശ്ന പരിഹാരമായെങ്കിലും പാറാൽ ഭാഗത്ത് രാത്രി വൈകിയും ജീവനക്കാർ ജോലിയിലാണ്.
പന്തക്കൽ കുന്നുമ്മൽപാലത്തിനടുത്തെ മീത്തലെ പീടിക മുകുന്ദന്റെ വീടിനാണ് മിന്നലിൽ നാശമുണ്ടായത്. വീടിന്റെ ജനവാതിലുകളുടെ ചില്ല് പൊട്ടിത്തെറിച്ചു. ചുമരുകൾക്കും വിള്ളലുണ്ടായി. വീടിനകത്തെ കിടപ്പുമുറിയിലെ സ്വിച്ച് ബോർഡുകൾ കത്തിപ്പോയി. കനത്ത മിന്നൽ ഉണ്ടായ സാഹചര്യത്തിൽ ഇൻവർട്ടർ, ഇ.എൽ.സി.ബി എന്നിവയടക്കമുള്ള ഉപകരണങ്ങൾക്ക് കേടു സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വൈദ്യുതി വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.