മാഹി: മാഹി വാക്ക് വേയിൽ സായാഹ്ന സൂര്യനെ കാണാനെത്തിയ ആറ് പേർക്ക് നായുടെ കടിയേറ്റ സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് സംഘർഷം. മാഹിയിലെ സാമൂഹിക പ്രവർത്തകർ നായെ കൊല്ലണമെന്നും കണ്ണൂരിൽ നിന്നുള്ള ഡോഗ് ലവേഴ്സ് ടീം നായെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയതോടെയാണ് ടാഗോർ പാർക്ക് പരിസരം സംഘർഷാവസ്ഥയിലായത്.
കണ്ണൂരിൽ നിന്നുള്ള സംഘവും മാഹി മുൻ നഗരസഭാംഗം പള്ള്യൻ പ്രമോദ്, വളവിൽ പ്രശാന്ത്, മോണിങ് വോക്ക് സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മുനിസിപ്പൽ കമീഷണറുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ ചർച്ചയിൽ ആറു പേരെ കടിച്ച നായെ രണ്ട് ദിവസത്തേക്ക് നിരീക്ഷണത്തിന് വിധേയമാക്കാൻ സൗകര്യമൊരുക്കുന്നതിന് ധാരണയായി.
കണ്ണൂരിൽ നിന്നുള്ള വെറ്ററിനറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം മാഹിയിലെത്തി നായ്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കുമെന്ന് മുനിസിപ്പൽ കമീഷണറുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റർ ചർച്ചയിൽ ഉറപ്പുനൽകി.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്യാസ് സ്റ്റൗ റിപ്പയർ കെ.പി. രവീന്ദ്രൻ ( 56) ഉൾെപ്പടെയുള്ള ആറ് പേർക്കാണ് വെള്ളിയാഴ്ച വൈകീട്ട് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ഓഫിസിന് സമീപത്ത് വെച്ച് ഒരേ നായുടെ കടിയേറ്റത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് പ്രാഥമികമായി ഒരു കുത്തിവെപ്പ് ലഭിച്ച ഇവർക്ക് മാഹി ആശുപത്രിയിൽ മരുന്ന് സ്റ്റോക്കില്ലാത്തതിനാൽ തുടർ കുത്തിവെപ്പ് തലശേരി ജനറൽ ആശുപത്രിയിൽ നിന്ന് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.