മാഹി: കാലപ്പഴക്കത്താലും ദീർഘകാലമായി ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്താത്തതിനാലും തകർച്ച നേരിടുന്ന മാഹിപ്പാലത്തിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ ഹൈകോടതിയിൽ ഹരജി. പ്രവാസികളായ മാഹിക്കാരുടെ നവ മാധ്യമക്കൂട്ടായ്മ മയ്യഴിക്കൂട്ടത്തിന്റെ ഹരജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
മൂന്ന് വർഷത്തിലേറെയായി പാലത്തിന് മുകളിൽ ശാസ്ത്രീയ അറ്റകുറ്റപ്പണി നടന്നിട്ടില്ല. മേൽഭാഗം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞ് തകർച്ച രൂക്ഷമായതോടെ വാഹനഗതാഗതം ക്ലേശകരമായി. വാഹനങ്ങളുടെ സഞ്ചാരം ഇഴഞ്ഞിഴഞ്ഞായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. രോഗികൾ ഉൾപ്പെടെയുള്ളവർ നിരന്തരമായി അനുഭവിക്കുന്ന യാത്രാദുരിതം അധികൃതർ അവഗണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മയ്യഴിക്കൂട്ടം ഹൈകോടതിയിലെത്തിയത്.
പ്രതിഷേധം ശക്തമായതോടെ ഒരാഴ്ച മുമ്പ് അധികൃതൽ പാലത്തിന് മുകളിലെ കുഴികൾ അടച്ചെങ്കിലും മഴ ശക്തമായതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു. പാലവും അനുബന്ധ ദേശീയപാതയും ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കുന്നത് വരെയോ തലശ്ശേരി-മാഹി ബൈപാസ് തുറന്ന് കൊടുക്കുന്നത് വരെയോ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
ടാങ്കര്‍ ലോറികൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങൾ മാഹിപ്പാലം വഴി പോകുന്നത് നിയന്ത്രിക്കണമെന്നും നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയപാലം നിർമിക്കണമെന്നും ഹരജിയിലുണ്ട്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ എന്നിവ സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അത് സംരക്ഷിക്കപ്പെടണം. ബന്ധപ്പെട്ട അധികൃതർ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. തകർന്ന റോഡുകൾ കാരണം അപകടങ്ങളുണ്ടാകുന്നു. യാത്രക്കാരുടെ ജീവൻ റോഡിൽ പൊലിയുന്നു. ജനങ്ങൾക്ക് സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പ് വരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജ് മുഖേനയാന്ന് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തതെന്ന് മയ്യഴിക്കൂട്ടം ജനറൽ സെക്രട്ടറി ഒ.വി. ജിനോസ് ബഷീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.