മാഹി: തൊഴിൽ പരിശീലനം നൽകുന്നതിന് ഈസ്റ്റ് പള്ളൂരിൽ 30 വർഷം മുമ്പ് ആരംഭിച്ച രാജീവ്ഗാന്ധി ഗവ.ഐ.ടി.ഐ മികച്ച അഞ്ച് ലാബുകളും നിരവധി കമ്പ്യൂട്ടറുകളുമായി വിദ്യാർഥികളെ വരവേൽക്കാൻ സജ്ജമായി. ഏറെ തൊഴിലവസരങ്ങളുള്ള ഇലക്ട്രിക്കൽ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഫിറ്റർ, റഫ്രിജറേഷൻ- എയർ കണ്ടീഷൻ മെക്കാനിക്ക് എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകുക. കഴിഞ്ഞ വർഷം വരെ നൽകിയിരുന്ന 150 രൂപ സ്റ്റൈപ്പന്റ് ഈ വർഷം 1,000 രൂപയാക്കി വർധിപ്പിച്ചിട്ടുമുണ്ട്. ഇൻസ്ട്രക്ടർമാരുടെ കുറവ് കാരണം ഇടവിട്ട വർഷങ്ങളിലാണ് രണ്ട് കോഴ്സുകൾ വീതം നടത്തുന്നത്.
പുതുച്ചേരി സംസ്ഥാനത്തുള്ളവരോ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷം മാഹി സ്കൂളുകളിൽ പഠിച്ചവരോ ആയ അപേക്ഷകരെ പരിഗണിച്ചതിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനത്തെ വിദ്യാർഥികൾക്കും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
എസ്.എസ്.എൽ.സി പാസായവരും 14 വയസ്സ് പൂർത്തിയായവരുമായിരിക്കണം അപേക്ഷകർ. അന്താരാഷ്ട്ര നിലവാരമുള്ള (ഇന്തോ ജർമൻ) പരിശീലന പദ്ധതി, സാങ്കേതിക പരിജ്ഞാനമുള്ള പരിശീലകർ, ഓൺ ലൈൻ ഡിജിറ്റൽ ക്ലാസ്, ഡ്രാഫ്സ്മെൻ സിവിൽ വിദ്യാർഥികൾക്ക് സമ്പൂർണ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, മോഡേൺസോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാഡ് പരിശീലനം എന്നിവയും മികച്ച ഐ.ടി ലാബുമുണ്ട്. സിവിൽ ട്രേഡുകാർക്ക് ലാന്റ് സർവേയിൽ പ്രത്യേക പരിശീലനം നൽകും.
സേഫ്റ്റി ഷൂകൾ, യൂണിഫോം എന്നിവക്കൊപ്പം ഈ വർഷം മുതൽ വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവും നൽകും. രണ്ട് വർഷ കോഴ്സിനു ശേഷം 8,000 മുതൽ 12,000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ അപ്രന്റീസ് പരിശീലനവും ഒരു തവണ ഇന്റസ്ട്രിയൽ സന്ദർശനവും ഒരുക്കും. കോഴ്സ് വിജയികൾക്ക് പുതുച്ചേരി തൊഴിൽ വകുപ്പ് തൊഴിൽ മേളയും പ്ലേസ്മെന്റും വാഗ്ദാനം ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.