ന്യൂ മാഹി: പെരിങ്ങാടി റെയിൽവേ മേൽപാലം യാഥാർഥ്യമാവാൻ എത്ര നാൾ കാത്തിരിക്കണം. മാഹി പള്ളിയിലെ തിരുനാളിൽ പങ്കെടുക്കാനെത്തിയവരും രോഗികളെയും കൊണ്ട് ആംബുലൻസിൽ പോകേണ്ടവരും ലക്ഷ്യത്തിലെത്താൻ പെരിങ്ങാടി റെയിൽവേ ഗേറ്റ് പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഭരണ പ്രതിപക്ഷ ഭേദമന്യേ മേൽപാലത്തിനായി ശബ്ദമുയർത്തിയിരുന്നെങ്കിൽ പാലം യാഥാർഥ്യമായേനെയെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ മേൽപാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എ.കെ. പ്രേമജം എം.പി ആയപ്പോൾ മാത്രമാണ് മേൽപാലം നിർമിക്കാൻ ചെറുചലനമുണ്ടായത്. പിന്നീട് അതും നിലച്ചു.
നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന മാഹിപ്പാലം -ചൊക്ലി -പള്ളൂർ റോഡിലാണ് പെരിങ്ങാടി ഗേറ്റ്. ട്രെയിനുകൾ കടന്നുപോകുമ്പോൾ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവരും. വാഹനങ്ങളുടെ നിര നീളുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാവും.
ഇത് കാൽനടയാത്രക്കാർക്ക് പോലും ദുരിതമാവുകയാണ്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. നിർദിഷ്ട മുഴപ്പിലങ്ങാട് -മാഹി ബൈപാസിന്റെ പ്രധാന സിഗ്നൽ പോസ്റ്റ് ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ പരിസരത്താണ്. ദേശീയപാത തുറക്കുന്നതോടെ പെരിങ്ങാടി റെയിൽവേ ഗേറ്റ് കടന്ന് പോകുന്ന വാഹനങ്ങളുടെ തിരക്ക് പതിന്മടങ്ങാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.