മാഹി: ടൂറിസം രംഗത്ത് പുത്തൻചുവടുകളുമായി മാഹി. പുഴയോര നടപ്പാത, കേബ്ൾ കാർ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായാണ് ഭരണകൂടം മുന്നോട്ട് വരുന്നത്. മൂന്നുഘട്ടമായി നടപ്പാക്കുന്ന പുഴയോര നടപ്പാതയുടെ ബാക്കിയുള്ള പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം.
നടപ്പാതയിൽ കയറാൻ പ്രവേശന കവാടം ഒരുക്കും. മാഹിപാലത്തിനു മുകളിൽ ഇതിനായി ഓവർപാസ് നിർമിക്കും. ഇരുഭാഗത്തെ പാതകളിലേക്കും പ്രവേശിക്കുന്നതിനുവേണ്ടിയാണിത്. ഇതിനു ദേശീയപാത അധികൃതരിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഹില്ലോക്കിൽനിന്ന് ആരംഭിച്ച് മഞ്ചക്കൽ ബോട്ട് ജെട്ടിയിലും തിരിച്ചുമെത്തുന്ന ഓവർഹെഡ് കേബ്ൾ കാർ സിസ്റ്റവും ആരംഭിക്കും. ഇതിനൊപ്പം തന്നെ ആർ.ഐ ഓഫിസിനുമുന്നിൽ ഉള്ള ഹില്ലോക്കിെൻറ പുനരുദ്ധാരണ പ്രവൃത്തിയും നടക്കുന്നുണ്ട്.
വളവിൽ കടപ്പുറത്തിന് സമീപം ബ്ലൂ ബീച്ച് ശൃംഖലയിലുൾപ്പെടുത്തി വിനോദ സഞ്ചാര മേഖല വിപുലീകരിക്കുകയാണ്. പുഴയും കടലും കൂടിച്ചേരുന്ന അഴിമുഖത്തിന് സമീപത്തുനിന്ന് മഞ്ചക്കൽ ബോട്ട് ഹൗസ് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് നടപ്പാത. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജാണ് പുഴയോര നടപ്പാത പദ്ധതിയെന്ന ആശയത്തിനു പിന്നിൽ.
പുഴയിൽ തൂൺ നിർമിച്ചാണ് മൂന്ന് കിലോമീറ്ററോളം പൂർത്തിയാക്കിയത്. 25 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് രണ്ട് കിലോമീറ്റർ മൂന്നുഘട്ടങ്ങളായി വിഭജിച്ചു. ഗവ. ഹൗസിനു സമീപത്തെ വി.ഐ.പി സ്യൂട്ട് മുതൽ മാഹി പാലം വരെയുള്ളത് ഒന്നാം ഘട്ടമായും ഇസ്ലാമിക് സെൻററിെൻറ ഇറക്കം വരെ (മഞ്ചക്കൽ) രണ്ടും അവിടെനിന്ന് വാട്ടർ സ്പോർട്സ് കോംപ്ലക്സിന് അടുത്തുവരെ മൂന്നും ഘട്ടമായാണ് നിർമാണം.
ഓവർ പാസ് വഴി യാത്രികർക്ക് കടന്നുപോകാൻ വഴിയൊരുക്കും. ആരോഗ്യപ്രശ്നമുള്ളവർക്കും പ്രായമായവർക്കും ഫ്ലോട്ടിങ് ജെട്ടി പോലെയുള്ള സൗകര്യമൊരുക്കും. ഒന്നാംഘട്ട പ്രവൃത്തി 2018ൽ ആണ് പൂർത്തിയായത്. പുഴയോര നടപ്പാതയിൽ സ്ഥാപിച്ച ആഡംബര ലൈറ്റ് സംസ്ഥാന സർക്കാറിെൻറ സംഭാവനയാണ്. ഒന്നും രണ്ടും ഘട്ടങ്ങളുടെ നിർമാണത്തിന് തുക കണ്ടെത്തിയത് കേന്ദ്ര സർക്കാറിെൻറ പദ്ധതികളിലൂടെയായിരുന്നു. രണ്ടാംഘട്ടത്തിൽ 2.7 കോടി രൂപയുടെ പ്രവൃത്തി ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.