മാഹി: യുക്രെയ്നിലുണ്ടായ റഷ്യൻ അധിനിവേശത്തെ തുടർന്ന് അസംസ്കൃത പെടോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടാകുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച രാവിലെ മുതൽ വൻ തിരക്കനുഭവപ്പെട്ടു.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഇന്ധനം നിറക്കാൻ മാഹിയിൽ എത്തി. വൈകുന്നേരത്തോടെ തിരക്ക് ഇരട്ടിയായി. മിക്ക പമ്പുകളിലും ഇന്ധനം തീർന്ന അവസ്ഥയായിരുന്നു. എന്നാൽ, രാത്രിയോടെ ടാങ്കർ ലോറികൾ ഇന്ധനവുമായി എത്തി. ദേശീയപാതയിൽ ഗതാഗത കുരുക്കും രൂപപ്പെട്ടു. മാഹിയിൽ കേരളത്തെ അപേക്ഷിച്ച് പെട്രോളിന് 11.80 രൂപയും ഡീസലിന് 10 രൂപയും കുറവുള്ളതിനാൽ ഇന്ധനത്തിനായി എത്തുന്നവരിൽ പലരും വാഹനങ്ങളിൽ ഫുൾ ടാങ്കും അടിച്ച് കന്നാസിലും കരുതിയാണ് സ്ഥലംവിട്ടത്. മാഹി, പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിലായി 16 പമ്പുകളാണ് പ്രവർത്തിക്കുന്നത്.
നാല് മാസത്തോളമായി വിലയിൽ ഏറ്റക്കുറച്ചലില്ലാതെ തുടരുകയായിരുന്നു. നവംബർ നാലിന് രാത്രി കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധനവില നാല് മാസത്തോളമായി വ്യത്യാസമില്ലാതെ തുടരുകയാണ്.
നവംബർ അഞ്ചിന് രാവിലെയാണ് പെട്രോൾ പമ്പുകളിൽ പുതിയ വില നിലവിൽ വന്നത്. കണ്ണൂരിൽ പെടോൾ വില 110.50 രൂപയും ഡീസൽ 104.05 രൂപയുമായി റെക്കോഡ് വില എത്തിയിരുന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കണ്ണൂരിൽ നവംബർ അഞ്ച് മുതൽ പെട്രോൾ വില 104.40 രൂപയായും ഡീസൽ 91.67 രൂപയായും കുറഞ്ഞു. മാഹിയിൽ കേന്ദ്രം കുറച്ചതിന് പിന്നാലെ പുതുച്ചേരി സർക്കാർ വാറ്റും കുറച്ചിരുന്നു. മാഹിയിൽ തിങ്കളാഴ്ച പെട്രോൾ വില 92.52 രൂപയും ഡീസൽ 80.94 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.