മാഹി: കണ്ണൂർ ആകാശവാണി ആർട്ടിസ്റ്റായ ടി.പി. സുരേഷ് ബാബു കഴിഞ്ഞ നാലു പതിറ്റാണ്ടായി സംഗീത ലോകത്ത് നിറസാന്നിധ്യമായ സർക്കാർ ജീവനക്കാരനാണ്. മാഹി ജവഹർ ബാലഭവനിൽ സംഗീത അധ്യാപകനായാണ് തുടക്കം. ഹാർമണിസ്റ്റ് ടി.പി. സുകുമാരന്റെ മകനായതിനാൽ വിദ്യാർഥിയായ കാലം മുതൽ എം.എസ്. ബാബുരാജ്, അൻവർ ഖാൻ ഉസ്താദ്, ബോംബെ എസ്. കമാൽ തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖരായവരെയാണ് കണ്ട് വളർന്നത്. ഹാർമോണിയം, തബല, വായ്പാട്ട്, സംഗീത സംവിധാനം എന്നു വേണ്ട സകല മേഖലയിലും തിളങ്ങുന്ന ഇദ്ദേഹത്തിന് ആദ്യമായി തബല അഭ്യസിപ്പിച്ചത് അബ്ദുക്കയായിരുന്നു. 1990 ലാണ് മാഹി ജവഹർ ബാലഭവനിൽ നാമമാത്ര വേതനത്തിൽ ജോലി കിട്ടിയത്.
കഴിഞ്ഞ 10 വർഷമായി മാഹി ഗവ. എൽ.പി സ്കൂളിൽ സംഗീത അധ്യാപകനായി ജോലി ചെയ്യുന്നു. ഇപ്പോൾ മൂന്നു സ്കൂളുകളിലായാണ് ജോലി. മൂന്ന് പതിറ്റാണ്ടിന് ശേഷം കോവിഡ് കാലത്താണ് സർക്കാർ തസ്തികയിൽ സ്ഥിര നിയമനം ലഭിച്ചത്. അടുത്ത വർഷം വിരമിക്കും. വി. ദക്ഷിണാമൂർത്തി സ്വാമി, യേശുദാസ്, വിജയ് യേശുദാസ് എന്നീ മൂന്നു തലമുറയോടൊപ്പം പ്രവർത്തിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പഴയ കാല സംഗീത കലാകാരോടൊപ്പമെല്ലാം പ്രവർത്തിച്ചു. 22 തവണ പല ടീമുകൾക്കൊപ്പം വിദേശത്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു. മിക്ക പിന്നണിഗായകർക്കൊപ്പവും തബല വായിക്കാൻ അവസരം ലഭിച്ചു. മാപ്പിളപ്പാട്ട് രംഗത്തേക്ക് എം.പി. ഉമ്മർ കുട്ടിയാണ് കൈപിടിച്ച് കൊണ്ടുവന്നത്. എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, വി.എം. കുട്ടി, കെ.ജി. സത്താർ എന്നിവർക്കെപ്പവും പിന്നണിയിൽ വായിച്ചിട്ടുണ്ട്. എ.ടി. ഉമ്മറിന്റെ മെലഡി മേക്കഴ്സ് ഓർക്കെസ്ട്രയിലും ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ സ്വീറ്റ് മെലഡീസ് ഓർക്കസ്ട്രയെന്ന പേരിൽ ഗ്രൂപ്പ് നടത്തുന്നുണ്ട്. ഒരുപാട് പാട്ട് കമ്പോസ് ചെയ്ത അനുഭവം സുരേഷ് ബാബു പങ്കു വെക്കുന്നുണ്ട്. മധു ബാലകൃഷ്ണൻ, ദലീമ, ഗായത്രി എന്നിവർ പാട്ടു പാടിയിട്ടുണ്ട്. ഭാര്യ: മഞ്ജുള, മകൾ: അനന്യ, മകൻ: അനേക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.