മാഹി: തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയിലുള്ള സ്വാതി പാലോറനെ ഇനി സാഹിത്യകാരിയായി ലോകം അടയാളപ്പെടുത്തും. മൾട്ടിപ്ൾ സ്ലീറോസിസ് ബാധിതയായ സ്വാതി പാലോറൻ രോഗത്തെ പുസ്തക രചനയിലൂടെയാണ് അതിജീവിച്ചത്.
കണ്ണൂർ മമ്പറം സ്വദേശിനി സ്വാതിയുടെ ആദ്യ പുസ്തകം വെള്ളിയാഴ്ച മാഹിയിൽ പ്രകാശനം ചെയ്യുമ്പോൾ അത് അതിജീവനത്തിന്റെ പുത്തൻ രചനയായി മാറുകയാണ്. ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോവുകയും കാഴ്ചകൾക്ക് മങ്ങലേൽക്കുകയും കൈകൾക്ക് വിറയലും വായിക്കാനോ എഴുതാനോ സാധിക്കാത്ത അവസ്ഥയിലൂടെയുമാണ് സ്വാതി കടന്നുപോയത്. ബിരുദ വിദ്യാഭ്യാസം മുഴുമിപ്പിക്കാനായില്ല.
എങ്കിലും കതിരൂർ കായലോട് സ്വദേശിനി സ്വാതി പാലോറന് അതിരുകളില്ലാത്ത തന്റെ ഭാവനകളെ കേവലസ്വപ്നങ്ങളായി കാണാൻ കഴിഞ്ഞില്ല. ഡ്രീം ഓഫ് സ്വാതി -ഐ റ്റൂ ഹാവ് എ സോൾ എന്ന ചെറുആംഗലേയ നോവലിന് ഇതോടെ അച്ചടി മഷി പുരണ്ടു.
ചിത്രകാരൻ ശ്രീനി പാലേരി നോവലിന് മനോഹരമായ ചിത്രണം ചെയ്തു. കഥാകൃത്ത് വി.ആർ. സുധീഷ് അവതാരികയുമെഴുതി. സിനിമ നാടക പ്രവർത്തകനും യു.എ.ഇയിലെ റേഡിയോ പ്രോഗ്രാം ഡയറക്ടറുമായിരുന്ന കെ.പി.കെ. വെങ്ങരയുടെ അധ്യക്ഷതയിൽ അമ്പത് പേജുള്ള മനോഹരമായ പുസ്തകം വെളിച്ചം കാണുകയാണ്.
അധ്യാപകരായ പി.വി. അധീർ-ശൈലജ ദമ്പതികളുടെ മകളാണ് സ്വാതി. 200 രൂപ വിലയിട്ട പുസ്തകത്തിൽനിന്ന് മിച്ചം ലഭിക്കുന്ന തുക ചികിത്സക്കായി മാറ്റിവെക്കാനാണ് പദ്ധതി. സ്വാതി ഫോണിൽ ടൈപ്പ് ചെയ്തെടുത്ത കഥകളെ അമ്മ ശൈലജ പേപ്പറിലേക്ക് പകർത്തിയെഴുതുകയായിരുന്നു.
ബി.സി.എ അവസാന വർഷ പരീക്ഷ തൊട്ടുമുന്നിൽ നിൽക്കവെയാണ് സ്വാതിയെ അത്യപൂർവ രോഗം കീഴടക്കിയത്. ഏക മകളുടെ അവസ്ഥ മാതാപിതാക്കളായ ചിന്മയ സ്കൂൾ അധ്യാപിക ശൈലജയുടേയും തലശേരി ക്രൈസ്റ്റ് കോളജ് അധ്യാപകൻ അധീറിന്റേയും മനസ്സും ശരീരവും തളർത്തി. അങ്ങനെ ജന്മനാടായ മേലൂരിൽനിന്ന് കുടുംബം കായലോട്ടേക്ക് ചേക്കേറി.
അധീറിനെ കാണാനെത്തിയ പൂർവവിദ്യാർഥി, മകളെപ്പറ്റി അന്വേഷിച്ചതാണ് സ്വാതിയുടെ രോഗവിവരവും എഴുത്തും പുറം ലോകത്തേക്ക് എത്തുന്നതിനിടയായത്. അങ്ങനെ പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ മാഹിക്കാരി സി.കെ. രാജലക്ഷ്മി സ്വാതിയുടെ കുടുംബവുമായി അടുത്തു.
സി.കെ. രാജലക്ഷ്മിയും മാടപ്പീടിക സ്വദേശിനി പി.പി. അസിതയും തുണയായെത്തിയതോടെ സ്വാതിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുകയായിരുന്നു. ഇവരുടെ ഉത്സാഹം കൊണ്ട് മാഹിയിൽ നിന്നുള്ള ചാരിറ്റി ടീം സ്വാതിയുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ വേണ്ട ക്രമീകരണങ്ങളും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.