മാഹി: പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്.ഇ വിദ്യാലയ കലണ്ടർ ഏകീകരിച്ചതിന്റെ ഭാഗമായി മാഹിയിൽ സർക്കാർ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ഏപ്രിൽ ഒന്നിന് ആരംഭിച്ചു. ചീഫ് എജുക്കേഷനൽ ഓഫിസർ എം.എം. തനൂജയുടെ നിർദേശമനുസരിച്ച് മാർച്ച് 30നുതന്നെ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. ക്ലാസ് കയറ്റം ലഭിച്ചവർ ആഹ്ലാദത്തോടെ പുതിയ ക്ലാസുകളിലേക്ക് എത്തി. രണ്ടാഴ്ചക്കുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാകും. മധ്യവേനലവധി മേയ് മാസം മാത്രമായിരിക്കും. പുതിയ കുരുന്നുകളെ വരവേൽക്കുന്ന പ്രവേശനോത്സവം മധ്യവേനലവധി കഴിഞ്ഞ് ജൂണിൽ സ്കൂളുകളിൽ നടക്കും.
പൊതു തെരഞ്ഞെടുപ്പും റമദാൻ, വിഷു തുടങ്ങിയ ആഘോഷങ്ങളും കത്തുന്ന വേനലും ഏപ്രിൽ മാസത്തെ അധ്യയന ദിവസങ്ങളെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. മൂലക്കടവ് ഗവ. എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷ ദിനാരംഭം വിരമിച്ച പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഒ. ഉഷ അധ്യക്ഷത വഹിച്ചു. എം. റെന്യ സ്വാഗതവും എം. വിദ്യ നന്ദിയും പറഞ്ഞു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് കെ.പി. നഫീസ അധ്യാപികമാരായ കെ. രൂപശ്രീ, എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അതേസമയം മാഹി മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളിൽ പതിവുപോലെ ജൂണിൽ തന്നെയാണ് ക്ലാസുകൾ ആരംഭിക്കുക. കേരളത്തിലെ സിലബസ് പ്രകാരം തന്നെ അധ്യയനം നടക്കുകയും ചെയ്യും.
സി.ബി.എസ്.സി സിലബസ് പ്രകാരമുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങൾ പുതുച്ചേരിയിൽനിന്ന് ഇതുവരെ മാഹിയിലെ സ്കൂളുകളിൽ എത്തിയിട്ടില്ല. മലയാളം, അറബിക് പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസ വകുപ്പിന് അതിന്റെ വില നൽകി മാഹിയിലെ സ്കൂളുകളിലേക്ക് വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.