മാഹി: അര നൂറ്റാണ്ട് കാലത്തെ പ്രതീക്ഷയായ മുഴപ്പിലങ്ങാട് മാഹി ബൈപാസ് യാഥാർഥ്യമായെങ്കിലും മാഹി ദേശീയ പാതയിൽ ഗതാഗത തിരക്കിനു കുറവില്ല. വെള്ളിയാഴ്ച വൈകീട്ട് ബൈപാസിലൂടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ലഭിച്ചെങ്കിലും മുൻകൂട്ടി അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ ലോറികളും മറ്റ് വാഹനങ്ങളും ദേശീയപാതയിലൂടെ തന്നെയാണ് ഇരുവശങ്ങളിലേക്കും പോകുന്നത്. തലശ്ശേരി, മാഹി ടൗണുകളെ ഒഴിവാക്കി മുഴുപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ദൂരത്തിൽ ചിറക്കുനി, ബാലം, കൊളശ്ശേരി, എരഞ്ഞോളി, പള്ളൂർ, ഈസ്റ്റ് പള്ളൂർ, മാഹി റെയിൽവേ സ്റ്റേഷൻ മേൽപ്പാലം വഴി അഴിയൂരിലേക്ക് എത്തുന്നതാണ് ബൈപാസ് പാത. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രക്കാണ് ബൈപാസ് വഴിതുറക്കുന്നത്.
ബൈപാസ് തുടങ്ങുന്നയിടത്ത് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ല. ലോറി പോലുള്ളതും അല്ലാത്തതുമായ ദിർഘദൂര വാഹനങ്ങൾക്ക് മാഹി വഴി പോയാൽ നല്ല ലാഭത്തിൽ ഇന്ധനം നിറക്കാനും കഴിയും. ചോമ്പാല പൊലീസ് വെള്ളിയാഴ്ച രാവിലെ തന്നെ ഏതെല്ലാം വാഹനങ്ങൾ ഏത് വഴിയാണ് പോകേണ്ടതെന്നുള്ള സൂചന ബോർഡ് ഉടൻ സ്ഥാപിക്കാൻ നിർമാണ കമ്പനിയോടാവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷണ ഓട്ടമായതിനാൽ ഇടക്ക് ബാരിക്കേഡ് വെച്ച് വാഹനങ്ങൾ തിരിച്ചുവിടുന്നത് വാഹന ഡ്രൈവർമാരിൽ അതൃപ്തിയുളവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.