മാഹി: പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിലാണ് ഇന്ധനം നിറക്കാൻ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം പ്രയാസമനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഗതാഗതക്കുരുക്ക് വ്യാപാരികളെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്.
വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ലെങ്കിൽ പമ്പുകാരുടെ ഉത്തരവാദിത്വത്തിൽ സ്വകാര്യ സെക്യൂരിറ്റി സംവിധാനമൊരുക്കണമെന്നാണ് ആവശ്യം. യാത്രക്കാരുമായി പൊതു വാഹനങ്ങൾ പെട്രോൾ പമ്പുകളിൽ ചെന്ന് ഇന്ധനം നിറക്കുന്നത് നിയമ ലംഘനമാണ്. ആറു പെട്രോൾ പമ്പുകളാണ് മാഹിയിലെ ഒന്നര കിലോമീറ്റർ ദൂരത്തിലുള്ളത്. തലശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വൺവേയിൽ പോവുമ്പോൾ കയറ്റത്തിലുള്ള രണ്ട് പമ്പുകളിൽ എത്തുന്ന വാഹനങ്ങൾ പകുതി റോഡിലും പകുതി പമ്പിലുമാണ് നിർത്തുന്നത്. ഇതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഒന്നിലേറെ വലിയ വാഹനങ്ങൾ പമ്പ് അങ്കണത്തിൽ കിടക്കുന്നത് പിറകെയെത്തുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
മാഹി വഴി കടന്ന് പോകുന്ന ഒട്ടുമിക്ക വാഹനങ്ങളും ഇന്ധന വിലയിലെ ഇളവ് പ്രായോജനപ്പെടുത്താനായി പമ്പിൽ കയറും. പമ്പുകളിൽ തിരക്ക് നിയന്ത്രിക്കാൻ കുറച്ചു കാലം പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും തുടർന്നില്ല. പുതുച്ചേരി സർക്കാന്റിന് നികുതിയിനത്തിൽ ഏറെ വരുമാനമുണ്ടാകുന്നുണ്ടെങ്കിലും മാഹി ദേശീയ പാതയിലെ ആറ് പെട്രോൾ പമ്പുകളിലും തിരക്ക് നിയന്ത്രിക്കാൻ ഹോംഗാർഡിനെപ്പോലും നിയമിച്ചിട്ടില്ല. അഴിയൂർ ചുങ്കം മുതൽ പരിമഠം വരെ മാഹിക്കിരുവശവും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ അകപ്പെടും. ചാലക്കര, പെരിങ്ങാടി ഭാഗത്തു നിന്നുള്ളവർക്ക് എന്തെങ്കിലും അസുഖം വന്ന് മാഹി ആശുപത്രിയിലേക്ക് പോവാനും കഴിയാത്ത അവസ്ഥയാണ്. മാഹി പാലത്തിന് സമീപം ഗതാഗത കുരുക്കുണ്ടാകുമ്പോൾ ആ ഭാഗത്തെ ചെറുപ്പക്കാർ മുന്നോട്ട് വന്ന് പ്രശ്നം പരിഹരിക്കുന്നത് പോലെ മാഹിയിൽ കാണുന്നില്ലെന്ന് സാമൂഹിക പ്രവർത്തകൻ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.