മാഹി: ദേശീയ പാതയിൽ മാഹി സ്പോർട്സ് ക്ലബ് വായനശാലക്ക് സമീപത്ത് പ്രവർത്തിച്ചുവന്നിരുന്ന റോയൽ ട്രാവൻകൂർ നിധി എന്ന പേരിലറിയപ്പെടുന്ന ധനകാര്യ സ്ഥാപനം പൂട്ടി മാനേജ്മെന്റ് സ്ഥലം വിട്ടിട്ട് രണ്ട് മാസമാകുന്നു. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരാണ് ഇപ്പോൾ സ്ഥാപനത്തിന്റെ വിലാസം.
സാധാരണക്കാരടക്കം നിരവധിയാളുകളുടെ പണമാണ് ഈ സ്ഥാപനത്തിൽ കുടുങ്ങിക്കിടക്കുന്നത്. നിക്ഷേപകർ സ്ഥാപനത്തിന് മുന്നിൽ നിത്യേന എത്തി അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇവർ കൂട്ടത്തോടെ മാഹി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തിരുന്നു.
മാഹി പൊലീസ് ഈ സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു കാര്യങ്ങൾ ആരാഞ്ഞിരുന്നു. മാനേജരുടെ മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ പൊലീസ് കെട്ടിടത്തിന്റെ താക്കോൽ സ്റ്റേഷനിൽ വാങ്ങിവെച്ചു. അടുത്ത ദിവസം മുതൽ മാനേജരും മുങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയാണ് ഈ സ്ഥാപനത്തിന്റെ ചെയർമാൻ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കമ്പനി നിരവധി ജീവനക്കാരെവെച്ച് കടകളിൽ നിന്നും വീടുകളിൽ നിന്നും നിത്യേന പണം സ്വരൂപിച്ചിരുന്നു.
ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ബാങ്കിലേതുപോലെ നികുതി അടക്കേണ്ടി വരില്ലെന്നും പലിശ കൂടുതൽ കിട്ടുമെന്നുമുള്ള ‘ഉപദേശം’ കേട്ട് വൻ തുക നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്.60 പേരോളം പിഗ്മി കലക്ഷൻ ഏജന്റായി പ്രവർത്തിക്കുന്നതായി അറിയുന്നു. വ്യാപാരികളിൽ കുറേയേറെപേർ ഈ സ്ഥാപനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലോണിന് അപേക്ഷയുമായി എത്തുന്നവരെ പരമാവധി നിരുത്സാഹ പ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണ് സ്ഥാപനത്തിന്റേത്. സാധാരണക്കാരൻ നിത്യേന അധ്വാനിച്ച് ഉണ്ടാക്കിയ പണവും കിട്ടാതായിരിക്കുകയാണ്. മാഹിയിലെ ഉദ്യോഗസ്ഥരുടെയും സമൂഹിക പ്രവർത്തകരുടെയും മക്കൾക്ക് ജോലി നൽകിയാണ് ജനങ്ങളെ ആകർഷിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള സി.ഡി.എം മെഷീൻ കടത്തിക്കൊണ്ടുപോകുവാൻ ഒരു സംഘം എത്തിയിരുന്നു. ഉടൻ നിക്ഷേപകർ കൂട്ടത്തോടെയെത്തി തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇടപാട് കാര്യങ്ങൾ അന്വേഷിച്ച് നിക്ഷേപകർ വിളിക്കുമ്പോൾ തിരിമറിയൊന്നുമറിയാത്ത ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് സമ്മർദത്തിലാകുന്നത്. ഫോൺ വഴി മാനേജ്മെന്റിനെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കാത്ത അവസ്ഥയുമാണ്.
കണ്ണൂർ ജില്ലയിലെ ഈ സ്ഥാപനത്തിന്റെ മറ്റു ശാഖകളുടെ സ്ഥിതിയും സമാനമാണെന്നാണ് സൂചന. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മാനേജ്മെമെന്റുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മാഹി എസ്.ഐ റെനിൽ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.