മാഹി: മാഹി നഗരസഭ വാർഡ് പുനർനിർണയത്തിൽ വ്യാപക പരാതികൾ. നഗരസഭയിൽ വാർഡ് പുനർനിർണയിച്ച് പുതുച്ചേരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുകയാണ്. നഗരസഭയിലെ മൊത്തം വാർഡുകളുടെ എണ്ണം 15ൽ നിന്നും 10 ആയി ചുരുക്കിയത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. ജനസംഖ്യ വർധന കണക്കിലെടുത്ത് വാർഡുകളുടെ എണ്ണം 20 ആക്കണമെന്നാണ് ആവശ്യം.
കമീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപന പ്രകാരം, 2011ലെ സെൻസസ് പ്രകാരം മാഹിയിലെ മൊത്തം ജനസംഖ്യ 41,816 എന്നത് അഞ്ച് ശതമാനം സ്വാഭാവിക വർധന കണക്കിലെടുത്താൽ 2021ൽ 44,000 ആകുമെന്നതിനാൽ ഒരു വാർഡിന് പരമാവധി 2,000 എന്ന കണക്കിൽ നഗരസഭയിലെ വാർഡുകളുടെ എണ്ണം 22 എണ്ണമാകേണ്ടതാണ്. നിലവിലുള്ള 15 വാർഡുകൾ പുനർനിർണയിച്ചത്, ജനസംഖ്യ വർധന കണക്കിലെടുത്തും ആനുപാതികമായി ജനപ്രതിനിധ്യം ഉറപ്പാക്കിയും ഭൂമിശാസ്ത്രപരമായുള്ള അതിർത്തികൾ വ്യക്തമായി നിശ്ചയിച്ചുമല്ല. വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കാതെയും പഞ്ചായത്തിരാജ് നഗരപാലിക നിയമത്തിെൻറ അന്തസ്സത്ത ഉൾക്കൊള്ളാതെയും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ആരുമായും ചർച്ച ചെയ്യാതെയുമാണ് വാർഡ് പുനർനിർണയം നടത്തിയതെന്ന ആരോപണം ശക്തമാണ്. ഏകപക്ഷീയമായ നടപടികൾക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം പുനഃപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പി.കെ.നാരായണൻ സ്മാരക സാംസ്കാരിക കേന്ദ്രം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകി. അപാകതകൾ പരിഹരിച്ച് മൊത്തം വാർഡുകളുടെ എണ്ണം 20ൽ കുറയാതെ നിശ്ചയിച്ച് നഗരസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ് പോയിത്തായ കമീഷനോട് അഭ്യർഥിച്ചു. മാഹി നഗരസഭ കമീഷണർ, പുതുച്ചേരി തദ്ദേശഭരണ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എന്നിവർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.