കണ്ണൂർ: കണ്ണൂർ സർവകലാശാലക്കുകീഴിലെ കോളജുകളിൽ വെള്ളിയാഴ്ച നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മധാവിത്വം.
ജില്ലയിൽ ഏറെക്കാലമായി കെ.എസ്.യുവിന്റെ ആധിപത്യം നിലനിന്നിരുന്ന കൂത്തുപറമ്പ് നിർമലഗിരി കോളജ് ഉൾപ്പെടെ നിരവധി കോളജുകളിലെ യൂനിയൻ എസ്.എഫ്.ഐ നേടി.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചെയർമാൻ സ്ഥാനം ഉൾപ്പെടെ കണ്ണൂർ എസ്.എൻ കോളജ്, കണ്ണൂർ വനിത കോളജ് എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. ജില്ലയിൽ 51 സർവകലാശാല യൂനിയൻ കൗൺസിലർ സ്ഥാനങ്ങൾ എസ്.എഫ്.ഐ നേടിയതായി നേതാക്കൾ അറിയിച്ചു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് തിളക്കമാർന്ന വിജയം നേടാൻ സാധിച്ചതായി ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
എസ്.എഫ്.ഐക്ക് ജില്ലയിൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി അവരുടെ കുപ്രചാരണങ്ങൾക്കും അക്രമരാഷ്ട്രീയത്തിനും ഏകാധിപത്യ-ഫാഷിസ്റ്റ് സമീപനത്തിനുമെതിരെയുള്ള വിദ്യാർഥികളുടെ മറുപടിയാണെന്നും മുഹമ്മദ് ഷമ്മാസ് അഭിപ്രായപ്പെട്ടു.
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഉർദു, അറബി അസോസിയേഷനിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധികൾ വിജയിച്ചു. ബി.എ ഉർദു രണ്ടാം വർഷ വിദ്യാർഥി അജ്മൽ മുസ്തഫയും ബി.എ അറബി രണ്ടാം വർഷ വിദ്യാർഥി എം.പി. മുഹമ്മദ് ഷബിനുമാണ് വിജയിച്ചത്. വിജയിച്ച പ്രവർത്തകരുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി തലശ്ശേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ജില്ല പ്രസിഡന്റ് ലുബൈബ് ബഷീർ, ജില്ല വൈസ് പ്രസിഡന്റ് എസ്.ബി.എൻ. ഫാത്തിമ, ബ്രണ്ണൻ കോളജ് യൂനിറ്റ് പ്രസിഡന്റ് ഫാത്തിമ തഹാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.