കണ്ണൂര്‍: മംഗളൂരു വിമാനദുരന്തം നടന്ന് 10 വര്‍ഷം പിന്നിട്ടപ്പോഴും ഇരകളുടെ ആശ്രിതര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ഇനിയും കിട്ടിയില്ല. ഇതിനായി പലരും സുപ്രീം കോടതി കയറിയിറങ്ങുകയാണ്.
2010 മേയ് 22ന് രാവിലെയായിരുന്നു മംഗളൂരു ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ദുബൈ-മംഗളൂരു വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. 66 മലയാളികള്‍ അടക്കം 158 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത്. എട്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടദിനം മംഗളൂരുവിലെത്തിയ അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മോണ്ട്രിയല് ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുമെന്നായിരുന്നു. ഇത് ഏകദേശം 75 ലക്ഷം രൂപയായിരുന്നു. ഇന്നത്തെ മൂല്യം അനുസരിച്ച് 1.60 കോടി രൂപക്ക് മുകളില്‍ വരും ഇത്. ലഗേജിെൻറ നഷ്ടപരിഹാരം വേറെയും ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഉടമ്പടി പ്രകാരമുള്ള തുക ഇനിയും ലഭിച്ചിട്ടില്ല.
എയര്‍ ഇന്ത്യ നിയോഗിച്ച ഏജന്‍സി നിശ്ചയിച്ച പ്രകാരമാണ് മംഗളൂരു ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയത്. അതുതന്നെ ആശ്രിതരുമായി നിരന്തരം വിലപേശി പരമാവധി കുറഞ്ഞ തുക മാത്രമാണ് പലര്‍ക്കും നല്‍കിയത്. മടുപ്പ് അനുഭവപ്പെട്ടാണ് പലരും നാമമാത്ര തുക വാങ്ങിയത്. അതിനു തയാറാകാത്തവര് മംഗളൂരു എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന് എന്ന സംഘടന രൂപവത്കരിച്ചാണ് പോരാട്ടം തുടര്‍ന്നത്.
ഈ സംഘടനയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. കേരള ഹൈകോടതി ഇവര്‍ക്ക് അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷന് െബഞ്ച് വിധി സ്റ്റേ ചെയ്തു. തുടര്‍ന്നാണ് നിയമ പോരാട്ടം സുപ്രീംകോടതിയിലെത്തിയത്.
സുപ്രീംകോടതി വിധി മംഗളൂരു ദുരന്തബാധിതരുടെ ആശ്രിതര്‍ക്ക് അനുകൂലമായാല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്കും അതിനനുസരിച്ച നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.