കൊട്ടിയൂർ: കാനനപാതകൾ കൈയടക്കി മാവോവാദികൾ കൊട്ടിയൂരിന്റെ അതിർത്തി ഗ്രാമങ്ങളിൽ വിഹരിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് തവണയാണ് കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യു, അർജുൻ എന്നിവരുടെ വീടുകളിലെത്തി ഭക്ഷണം കഴിച്ച്, ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയത്.
നിലവിൽ കർണാടക - വയനാട്- വനത്തിൻ നിന്ന് കണ്ണൂർ വനാതിർത്തികളിലേക്കും മാവോവാദികളുടെ വഴിയടക്കാനാവാതെ വിയർക്കുകയാണ് പൊലീസും വനം വകുപ്പും. കേളകം പഞ്ചായത്തിൽ പെടുന്ന രാമച്ചിയും, കൊട്ടിയൂർ -പന്നിയാം മല, കൂനംപള്ള, അമ്പായത്തോട്, ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമും മാവോവാദികളുടെ പതിവ് സന്ദർശന മേഖലയാണ്. കോളയാട് പെരുവ, 24ാം മൈൽ, നിടുംപൊയിൽ പ്രദേശങ്ങളിലും മാവോവാദി സായുധ സംഘങ്ങൾ മുമ്പ് പല തവണ എത്തിയിട്ടുണ്ട്.
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തി പങ്കുവെക്കുന്ന പഞ്ചായത്തുകളായ കൊട്ടിയൂരിനും തവിഞ്ഞാലിനും ഇടയിലുള്ള വനമേഖലയാണ് സായുധ ധാരികളായ നക്സൽ, മാവോവാദികളുടെ സാന്നിധ്യം ഏറിയ പ്രദേശങ്ങൾ. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളും, രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ഫാം പുനരധിവാസ മേഖലയടക്കം നിരവധി ആദിവാസി കോളനികളും ഇത്തരം സംഘങ്ങൾക്ക് ഒളിത്താവളമായി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നു.
കേളകം പൊലീസ് സ്റ്റേഷന്റെ പത്ത് കിലോമീറ്റർ അകലെയാണ് ശനിയാഴ്ച രാത്രി മാവോവാദി സംഘം ഏറവും ഒടുവിൽ എത്തിയത്. മുമ്പ് രണ്ട് തവണ കൊട്ടിയൂർ അമ്പായത്തോട്ടിൽ സായുധരായി പ്രകടനം നടത്തിയിരുന്നു. വയനാട്ടിലും കണ്ണൂരിലും മാവോവാദികളുടെ സാന്നിധ്യം സജീവമായതോടെ ഇവരെ കുരുക്കാൻ മുമ്പ് പ്രത്യേക സേന രൂപവത്കരിക്കുകയും ഓപറേഷൻ അനക്കോണ്ട - ഓപറേഷൻ ഹോക് എന്നിവ നടപ്പാക്കുകയും ചെയ്തിട്ടും പൊലീസിന്റെ മൂക്കിനു താഴെ മാവോവാദി സംഘങ്ങൾ തുടർച്ചയായി സന്ദർശനം തുടരുകയാണിപ്പോഴും.
കൂടുതൽ സ്ഥലങ്ങളിലും മാവോവാദികളുടെ ഭീഷണിക്ക് വഴങ്ങാതെ ജനങ്ങൾ പൊലീസിന് വിവരം നൽകുന്നുണ്ട്. കൊട്ടിയൂരിലെ പന്യാംമലയിൽ പതിവായി മാവോവാദി സംഘങ്ങളെത്തുന്നതായി റിപ്പോർട്ടുകളെ തുടർന്ന് അന്വേഷണം നടത്തുന്നതായും, മേഖലയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.