കണ്ണൂർ: മേലെചൊവ്വ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കൽ പുരോഗമിക്കുന്നു. റോഡരികിലെ കടമുറികളാണ് പൊളിച്ചുമാറ്റുന്നത്. അടുത്തമാസം ആദ്യം പൊളിച്ചുമാറ്റൽ പൂർത്തിയാവും. അടിപ്പാതക്ക് ആവശ്യമായ മുഴുവൻ സ്ഥലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പഴയ എസ്റ്റിമേറ്റ് അനുസരിച്ച് 27.6 കോടി രൂപയുടെ നിർമാണ പ്രവൃത്തിക്കാണ് അംഗീകാരമായത്. പുതുക്കിയതനുസരിച്ച് 34.6 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കിഫ്ബി അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് കടക്കും. റോഡിന് അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നതിനാലാണ് നടപടികൾ നീളുന്നത്. ഈ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കേണ്ട പ്രവൃത്തികൂടി ടെൻഡറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ 51 ഉടമകൾക്ക് നഷ്ടപരിഹാരം നൽകി. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളുമാണ് ഏറ്റെടുത്തത്.
മേലെചൊവ്വയിൽ മേൽപാലം ഒരുങ്ങുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ ഏറെ റോഡിൽ കുരുങ്ങിയാണ് നഗരത്തിലെത്തുന്നത്. കണ്ണൂർ-തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമാണം. രണ്ട് അരികിലും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡും ഒന്നര മീറ്ററിൽ നടപ്പാതയുമുണ്ടാകും. കെട്ടിട വാടകക്കാർക്ക് രണ്ടുലക്ഷം രൂപ പുനഃസ്ഥാപന അലവൻസും തൊഴിൽ നഷ്ടമായവർക്ക് ആറ് മാസത്തേക്ക് 6000 രൂപ വീതം ഉപജീവന ബത്തയുമാണ് അനുവദിച്ചത്.
2016ലെ ബജറ്റിലാണ് അടിപ്പാത അനുവദിച്ചത്. 27.59 കോടി സ്ഥലമേറ്റെടുക്കാൻ അനുവദിച്ചിരുന്നു. ഭൂമിയേറ്റെടുക്കൽ സർവേയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതിനാൽ പ്രതീക്ഷിച്ച സമയത്ത് നടപടികൾ പൂർത്തിയാക്കാനായില്ല. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനംകൂടി വന്നതോടെ നടപടികൾ മെല്ലെപ്പോക്കിലായി.
നഷ്ടപരിഹാരത്തുക സംബന്ധിച്ച് അവ്യക്തതയുള്ളതിനാൽ, അടിപ്പാത നിർമാണത്തിനായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പിനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തുടർച്ചയായി മേലെചൊവ്വയിലെ വ്യാപാരികൾ തടഞ്ഞിരുന്നു. എളയാവൂർ, കണ്ണൂർ ഒന്ന് വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുത്തത്. 'കണ്ണൂര്‍ കാലത്തിനൊപ്പം' വികസന കാമ്പയിനില്‍ നിർദേശിച്ച പദ്ധതിയാണ് മേലെചൊവ്വ അടിപ്പാത നിർമാണം. 160ഓളം പേരെയും അവരുടെ കുടുംബങ്ങളെയും പദ്ധതി ബാധിക്കാനിടയുണ്ടെന്നാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.