കണ്ണൂർ: അഴീക്കൽ തുറമുഖ വികസനത്തിന് വഴിയൊരുക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകുന്നതിെൻറ ഭാഗമായി തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ തിങ്കളാഴ്ച അഴീക്കൽ തുറമുഖം സന്ദർശിക്കും. രാവിലെ 10.30ഒാടെ ഇരുവരും അഴീക്കലിലെത്തും.
കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായും അഴീക്കോട് പഞ്ചായത്ത് അധികൃതരുമായും മന്ത്രിമാർ തുറമുഖ വികസനത്തെക്കുറിച്ച് ചർച്ച നടത്തും. ചരക്കു ഗതാഗതം പുനരാരംഭിക്കാനുള്ള നീക്കം മാരിടൈം ബോർഡ് തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഇൗ മാസം അവസാനത്തോടെ കൊച്ചിയിൽ നിന്ന് ചരക്ക് ഗതാഗതം തുടങ്ങാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
ഹോപ് സെവൻ എന്ന ചരക്കു കപ്പലാണ് കൊച്ചി -ബേപ്പൂർ-അഴീക്കൽ തീരങ്ങളെ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് മാരിടൈം ബോർഡ് അധികൃതർ കപ്പൽ കമ്പനി പ്രതിനിധികളുമായി ധാരണയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോർട്ട് ഒാഫിസർ പ്രതീഷ് നായരുടെ നേതൃത്വത്തിൽ അഴീക്കൽ തുറമുഖം സന്ദർശിച്ച് തുറമുഖത്തെ സൗകര്യം വിലയിരുത്തിയിരുന്നു.
കൂടാതെ അഴീക്കലിൽ പുതിയ അന്താരാഷ്ട്ര തുറമുഖം നിർമിക്കുന്നതിെൻറ സാേങ്കതിക സാധ്യത പഠനം പുരോഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി ചെയർമാനായി രൂപവത്കരിച്ച കമ്പനിയുടെ നിർദേശ പ്രകാരമാണ് പഠനം നടക്കുന്നത്.
അരനൂറ്റാണ്ട് ഇപ്പുറത്താണ് അഴീക്കലിെൻറ പ്രതാപകാലത്തിന് മങ്ങലേറ്റത്. ചരക്കു കപ്പലുകളുടെ വരവ് കുറഞ്ഞതോടെയായിരുന്നു ഇത്. കപ്പൽ ചാനലിെൻറ ആഴം കുറഞ്ഞ നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി. ഇവിടെ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. കുറച്ചു വർഷമായി അഴീക്കൽ തുറമുഖ വികസനത്തിന് ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗതയുണ്ടായിരുന്നില്ല.
കഴിഞ്ഞ സർക്കാറിലെ തുറമുഖ മന്ത്രിയെന്ന നിലയിൽ രാമചന്ദ്രൻ കടന്നപ്പള്ളി ശ്രമം നടത്തിയിട്ടും കാര്യമായ പുരോഗതി കൈവരിക്കാനായില്ല. കഴിഞ്ഞ തവണ അഴീക്കോട് എം.എൽ.എ മുസ്ലിം ലീഗിലെ കെ.എം. ഷാജിയായിരുന്നു. മുഖ്യമന്ത്രിയും സി.പി.എമ്മുമായും കെ.എം. ഷാജി ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചതും അഴീക്കൽ തുറമുഖത്തിെൻറ വികസനത്തിന് തടസ്സം സൃഷ്ടിക്കാൻ വഴിയൊരുക്കി.
ഇത്തവണ സി.പി.എമ്മിലെ കെ.വി. സുമേഷ് അഴീക്കോടുനിന്ന് എം.എൽ.എയായതോടെ തുറമുഖത്തിെൻറ വികസന സാധ്യത തെളിഞ്ഞിരിക്കുകയാണ്. കെ.വി. സുമേഷ് എം.എൽ.എ അഴീക്കൽ തുറമുഖത്തിെൻറ വികസനത്തിന് സർക്കാറിൽ ഇടപെടൽ നടത്തിയതോടെ അനുകൂല സാഹചര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് രണ്ടു മന്ത്രിമാരും തിങ്കളാഴ്ച അഴീക്കലിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.