കണ്ണൂർ: കാടുകളുടെ അപ്പൂപ്പനായിരുന്ന ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയുടെ ഓർമക്കായി കണ്ണൂർ സർവകലാശാലയിൽ മിയാവാക്കി വനം ഒരുക്കുന്നു. യോകോഹാമ സർവകലാശാലയിലെ പ്രഫസറായിരുന്ന അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃത്രിമ വനവത്കരണ രീതിയാണ് മിയാവാക്കി. തനിയെ രൂപപ്പെടുന്ന കാടുകളേക്കാൾ വളരെ ഉയർന്ന വളർച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത.
ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇടകലർത്തി നടുന്നത് വഴി വനത്തിനുള്ള പലതട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരാൻ ചെടികൾ ശ്രമിക്കുന്നു. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കുക. കണ്ണൂർ സർവകലാശാലയിൽ പുതുതായി പ്രവർത്തനമാരംഭിച്ച വിദ്യാർഥി ക്ഷേമകേന്ദ്രത്തിന് മുന്നിലെ 10 സെൻറ് സ്ഥലത്ത് നൂറിൽപരം ഇനങ്ങളിലായി 1600 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവിസ് മൾട്ടിമീഡിയ എന്ന സ്ഥാപനമാണ് വനവത്കരണത്തിന് നേതൃത്വം നൽകുന്നത്. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രഫ. എ. സാബു, സിൻഡിക്കേറ്റംഗം ഡോ. ടി.പി. അഷ്റഫ്, െഡവലപ്മെൻറ് ഓഫിസർ രാധാ കൃഷ്ണൻ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.