കണ്ണൂർ ജില്ല ആശുപത്രി ഇപ്പോൾ സൂപ്പറാ...

കണ്ണൂർ: ജില്ല ആശുപത്രിക്കായി 100 കോടി രൂപയുടെ മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ജില്ല ആശുപത്രിയിൽ സജ്ജീകരിച്ച ട്രോമ കെയർ യൂനിറ്റി​െൻറ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ ആദ്യഘട്ടത്തില്‍ 56 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. ആശുപത്രിയുടെ അത്യാഹിത വിഭാഗം നവീകരിച്ചു. 2.57 ലക്ഷം കോടി രൂപയുടെ മെറ്റേണിറ്റി ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒ.പിയും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.

കാര്‍ഡിയോ വിഭാഗവും സ്‌ട്രോക്ക് ചികിത്സയും കാത്ത് ലാബും ആരംഭിക്കുന്നുണ്ട്. ബ്ലഡ് ബാങ്കും കുട്ടികളുടെ ബ്ലോക്കും മോര്‍ച്ചറിയും നവീകരിച്ചതായും മന്ത്രി പറഞ്ഞു. അത്യാധുനിക രീതിയിലാണ്​ ട്രോമ കെയർ യൂനിറ്റ്​ സജ്ജീകരിച്ചിരിക്കുന്നത്​. ട്രോമ കെയര്‍ സെൻററില്‍ പ്രവേശിപ്പിക്കുന്നയാളുടെ അപകടനില അനുസരിച്ച് റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് അടിയന്തര വൈദ്യസഹായം നല്‍കുന്നത്. ആകെ 15 ബെഡുകളാണ് യൂനിറ്റിലുള്ളത്.

റെഡ് സോണില്‍ വെൻറിലേറ്റര്‍ സൗകര്യത്തോടെയുള്ള രണ്ട് ബെഡുകളും ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ക്കായുള്ള യെല്ലോ സോണില്‍ നാല് ബെഡുകളും നിരീക്ഷത്തില്‍ കഴിയുന്നവര്‍ക്കായുള്ള ഗ്രീന്‍ സോണില്‍ ഒമ്പത് ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. യൂനിറ്റില്‍ പ്രവേശിപ്പിക്കുന്ന സ്ഥലത്ത് പൊലീസ് എയ്ഡ്​​ പോസ്​റ്റ്​ സംവിധാനവുമുണ്ട്. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍, ഹൗസ് സര്‍ജന്‍ എന്നിവര്‍ക്കായി പ്രത്യേകം മുറിയും ഇവിടെയുണ്ട്. 1.90 കോടി രൂപ ചെലവിലാണ് ട്രോമ കെയര്‍ യൂനിറ്റ് സജ്ജമാക്കിയത്. ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ജില്ല പഞ്ചായത്ത് ആശുപത്രി വികസന സമിതിയില്‍നിന്ന്​ അനുവദിച്ച 15 ലക്ഷം രൂപ ഉള്‍പ്പെടെയാണിത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയബാലന്‍, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായിക് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - modern trauma care unit opened in kannur district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.