കണ്ണൂർ: ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ശൗചാലയ സംവിധാനമൊരുക്കി ജില്ല പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഇവ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ. ഹൈസ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വവഹിച്ചു.
ഒരു സ്‌കൂളിന് അഞ്ചെണ്ണം വീതം 125 ശൗചാലയങ്ങളാണ് ഒരുക്കിയത്. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. വൃത്തിഹീനമായ ശൗചാലയങ്ങളുള്ള നിരവധി സ്‌കൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ശുചിത്വ കാമ്പയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു.
മൂന്നു കോടി ചെലവിലാണ് പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്. എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്ന പോര്‍ട്ടബ്ള്‍ ശൗചാലയങ്ങളാണ് ഇവ. പരിമിതമായ സ്ഥലം മാത്രമാണ് ഇതിന് ആവശ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് കീഴിലുള്ള 73 സർക്കാർ സ്‌കൂളുകള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.പി. ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ലീല, പഞ്ചായത്ത് അംഗം ടി.കെ. പ്രമോദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.