കണ്ണൂർ: ജൂൺ മുഴുവൻ മടിച്ചുനിന്ന കാലവർഷം ജില്ലയിൽ ശക്തിപ്രാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കും. ജൂലൈ അഞ്ചിനും ആറിനും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും.
ജൂൺ ഒന്ന് മുതൽ ജൂലൈ മൂന്നുവരെ ജില്ലയിൽ 450.9 മി.മീ മഴ മാത്രമാണ് ലഭിച്ചത്. 979.6 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 54 ശതമാനം കുറഞ്ഞ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്.
തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചത് ആശ്വാസം പകരുന്നുണ്ട്. കാലവർഷമെത്തിയിട്ടും ജില്ലയിൽ പലയിടങ്ങളിലും കുടിവെള്ളം എത്തിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കിണറുകളിൽ ജലനിരപ്പ് ഉയരാത്തതാണ് കാരണം. കാലവർഷം തുടങ്ങിയ ശേഷം ആദ്യമായാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച രാവിലെ വരെ 623 മി.മീ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. രാത്രി വൈകിയും മഴ തുടരുകയാണ്.
ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സഹകരിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ മൂന്ന് മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.