'ചിറകുകൾ' ബാക്കിയാക്കി ഡാനിഷ് പറന്നകന്നു

കണ്ണൂർ: പ്രതിസന്ധികളോട് സന്ധിചെയ്യാതെ എഴുതിവെച്ച കഥകളും വായിച്ചുതീർത്ത പുസ്തകങ്ങളും വായനാമുറിയിൽ നിശ്ശബ്ദമാണ്. ഒരു ചെറുപുഞ്ചിരി മാത്രം അവതാരികയിൽ ഒളിപ്പിച്ച് കുഞ്ഞു ഡാനിഷ് യാത്രയായി.

ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചലനശേഷി നഷ്ടമായി ചക്രക്കസേരയിൽ കഴിയവേ മുഹമ്മദ് ഡാനിഷ് എന്ന 12കാരൻ എഴുതിയ കഥാസമാഹാരം 'ചിറകുകൾ' ശ്രദ്ധേയമായിരുന്നു. കുഞ്ഞുകഥകളിലൂടെ പറഞ്ഞ വലിയ കാര്യങ്ങൾ വായനാലോകം ഏറ്റെടുത്തു. പുസ്തകങ്ങളുടെയും കഥകളുടെയും ലോകത്ത് സജീവമാകവെ ന്യുമോണിയ ബാധിച്ച് വെള്ളിയാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മൻസിലിൽ മുത്തലിബിന്റെയും നിഷാനയുടെയും മകനായ ഡാനിഷ് വേദനകൾ മറന്ന് കിടന്നും ഇരുന്നുമാണ് പുസ്തകത്തിലെ അധ്യായങ്ങൾ എഴുതിത്തീർത്തത്. പായൽ ബുക്സ് പുറത്തിറക്കിയ 'ചിറകുകൾ' കഥാസമാഹാരം കഴിഞ്ഞവർഷം അൽ ഹുദ സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കഥാകൃത്ത് കെ.ടി. ബാബുരാജാണ് പ്രകാശനം നിർവഹിച്ചത്.

ഡാനിഷിന്റെ കഥകൾ വായിച്ച് മന്ത്രി എം.വി. ഗോവിന്ദനും അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു. വീൽചെയറിൽ കഴിയവെ മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയായ ഡാനിഷിനെ ഉപ്പ മുത്തലിബാണ് വായനയിലേക്ക് കൊണ്ടുവന്നത്. ഈ ചെറുപ്രായത്തിൽ വായിച്ചുതീർത്ത പുസ്തകങ്ങൾ ചില്ലറയല്ല. ഒരു സ്വപ്നത്തിന്റെ മാത്രം പിൻബലത്തിൽ ഈജിപ്തിലെ പിരമിഡുകൾക്കിടയിൽ നിധിയുണ്ടെന്ന വിശ്വാസത്തിൽ യാത്രതിരിച്ച സാൻറിയാഗോ എന്ന ഇടയബാലനായിരുന്നു കുഞ്ഞു ഡാനിഷിന്റെ ഇഷ്ട കഥാപാത്രം.

സഹജീവികളോടുള്ള സ്നേഹവും കരുണയും ഡാനിഷിന്റെ കഥകളിൽ നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഉപയോഗിക്കാതെ കിടക്കുന്ന തന്റെ വീൽചെയർ തണലോരം ശലഭങ്ങൾ കൂട്ടായ്മ വഴി ഷൊർണൂർ സ്വദേശി ഭിന്നശേഷിക്കാരൻ അഖിലിന് സമ്മാനിച്ചതും. യാത്രകളെയും പുസ്തകങ്ങളെയും സ്നേഹിച്ച ഡാനിഷ് ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് വിടപറയുന്നത്.

മകന്റെ യാത്രസ്നേഹം കണക്കിലെടുത്ത് മുത്തലിബ് തന്റെ കാറിൽ ചക്രക്കസേര ഓടിച്ചു കയറ്റാനുള്ള സംവിധാനം കഴിഞ്ഞദിവസം ഒരുക്കിയിരുന്നു. കാർ ലഭിച്ച ശേഷം ഒരുപാട് യാത്രകൾ പോകണമെന്നായിരുന്നു ഡാനിഷിന്റെ ആഗ്രഹം. അതിനിടയിലാണ് ആശുപത്രിയിലാവുന്നത്. മകന്റെ ചേതനയറ്റ ശരീരം വീട്ടിൽനിന്നും ഖബർസ്ഥാനിലേക്ക് അവനേറെ ആഗ്രഹിച്ച അതേ കാറിൽ കൊണ്ടുപോയതിലൂടെ ആ ആഗ്രഹവും മുത്തലിബും നിഷാനയും വീട്ടി.

Tags:    
News Summary - Muhammed Danish passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.