കണ്ണൂർ: കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനേക്കാൾ ക്ഷീണമായത് മുസ്ലിം ലീഗിന്. ജില്ലയിൽ ഇക്കുറി രണ്ട് സീറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ച മുസ്ലിം ലീഗ് രണ്ടും നേടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, സിറ്റിങ് സീറ്റ് തന്നെ നഷ്ടമാകുന്ന നിലയാണുണ്ടായത്. അഴീക്കോട്ട് പാർട്ടിയുടെ കരുത്തൻ കെ.എം. ഷാജിയാണ് തോറ്റതെന്നതും ക്ഷീണമായി.
ഷാജിയെന്ന സ്ഥാനാർഥിയുടെ കരുത്തിൽ അഴീക്കോട്ട് ഹാട്രിക് വിജയമായിരുന്നു ലക്ഷ്യം. ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും അഴീക്കോട് യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, െക.വി. സുമേഷ് എന്ന സി.പി.എം യുവനേതാവിനുമുന്നിൽ കെ.എം. ഷാജിക്ക് അടിതെറ്റിയപ്പോൾ മുസ്ലിം ലീഗിന് ജില്ലയിൽ എം.എൽ.എ ഇല്ലാതായി. വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിൽപോലും യു.ഡി.എഫിന് മുന്നിലെത്താൻ ഇവിടെ സാധിച്ചില്ല.
വിജിലൻസിെൻറ ചോദ്യം ചെയ്യൽ വരെയെത്തിയ പ്ലസ് ടു കോഴ കേസ്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെല്ലാം ഷാജിക്ക് പ്രതികൂലമായി എന്നതാണ് അഴീക്കോെട്ട പരാജയത്തിെൻറ ഘടകമായി കണക്കുകൂട്ടുന്നത്. കൂടാതെ പ്ലസ് ടു കോഴ കേസിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ ഷാജിക്കെരിരെ ഒളിയമ്പുകളുണ്ടായിരുന്നു. ഇതെല്ലാം എതിർസ്ഥാനാർഥിക്ക് അനുകൂലമായി ഭവിക്കുകയായിരുന്നു.
ഷാജിക്കെതിരെ പാർട്ടിയിൽ ഉയർന്ന പരാതികളും ആക്ഷേപവും അപ്പപ്പോൾ കൈകാര്യം ചെയ്ത് പരിഹരിക്കുന്നതിൽ ജില്ല നേതൃത്വത്തിന് സംഭവിച്ച വീഴ്ച കൂടിയാണ് സ്കൂൾ കോഴ പരസ്യമാവുകയും അത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യുന്ന നിലയിലേക്ക് വളർന്നത്. കെ.എം ഷാജിയെ ലക്ഷ്യമിട്ട് പിണറായി സർക്കാറിെൻറ നീക്കങ്ങൾ മുറുകുമെന്നത് ഉറപ്പാണ്. പുതിയ സാഹചര്യത്തിൽ അത് നേരിടാൻ ഷാജിയും മുസ്ലിം ലീഗും വിയർക്കും.
കൂത്തുപറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച എൽ.ജെ.ഡി എൽ.ഡി.എഫിലേക്ക് പോയതോടെയാണ് കൂത്തുപറമ്പ് മണ്ഡലം ലീഗിന് കിട്ടിയത്.
അധികമായി കിട്ടിയ സീറ്റിൽ യു.ഡി.എഫ് രാഷ്ട്രീയത്തിെൻറ ഒരേ കളരിയിൽ വർഷങ്ങളായി ഒരുമിച്ച് നേതൃത്വം നൽകിവന്ന കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുല്ലയും എതിർ ചേരികളിലായി അണിനിരന്നത് മണ്ഡലത്തെ കടുത്ത മത്സരത്തിലേക്ക് നയിക്കുന്നുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയിരുന്നത്.
എന്നാൽ, അത്രക്കൊന്നും കടുത്ത മത്സരമല്ല കൂത്തുപറമ്പിൽ ഉണ്ടായതെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറു കൂടിയായ പൊട്ടങ്കണ്ടി അബ്ദുല്ല മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി തന്നെയായിരുന്നു.
എന്നിട്ടും കെ.പി. മോഹനനെതിരെ ശക്തമായ മത്സരം സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നത് ലീഗിെൻറ കൂടി സംഘടനാ ദൗർബല്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കണ്ണൂർ മണ്ഡലത്തിൽ തോറ്റത് മുസ്ലിം ലീഗ് സ്ഥാനാർഥിയല്ലെങ്കിലും ആഘാതത്തിെൻറ ആഴം ലീഗ് നേതൃത്വത്തെയും ബാധിക്കുന്നതാണ്. ഇരിക്കൂർ കഴിഞ്ഞാൽ ജില്ലയിലെ യു.ഡി.എഫിെൻറ ഉറച്ച കോട്ടയായിരുന്നു കണ്ണൂർ. മണ്ഡലത്തിൽ കോൺഗ്രസിനേക്കാളും ശക്തമായ വേരുകളും ലീഗിനുണ്ട്. സിറ്റി ഉൾപ്പെടെ ഒട്ടേറെ ലീഗ് ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ മണ്ഡലത്തിലെ സതീശൻ പാച്ചേനിയുടെ തോൽവി മുസ്ലിം ലീഗിെൻറ തോൽവി കൂടിയാകുന്നത് അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.