കണ്ണൂര്‍: മഹാമാരി തീർത്ത പ്രതിസന്ധി മറികടക്കാൻ വിവിധ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കിയും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി. ഇതിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ.
ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ട് വിദേശികളടക്കമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഴപ്പിലങ്ങാട് -ധര്‍മടം മേഖലയിലെ വികസനത്തിനായി സര്‍ക്കാര്‍ 233.71 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്. മുഴപ്പിലങ്ങാടിനും ധര്മടത്തിനുമിടയില് നാല് വിഭാഗങ്ങൾ തിരിച്ചാണ് വികസന പ്രവൃത്തി നടത്തുന്നത്. ഇതിലെ ആദ്യ പ്രവൃത്തിക്കായി കിഫ്ബി 52.541 കോടി രൂപ അനുവദിച്ചു. പാത്വേ ആന്‍ഡ് റീടെയിനിങ് വാള്, നടപ്പാത, പുൽതകിടി, മരങ്ങള്‍ െവച്ചുപിടിപ്പിക്കല്‍, വൈദ്യുതി വിളക്ക്, ആര്‍ട്ടിസ്റ്റ് പവലിയന്, കിയോസ്ക്, സ്കേറ്റ് പാര്‍ക്ക്, കിഡ്സ് പ്ലേ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ബീച്ചില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. ഇതുകൂടാതെ ബീച്ചില്‍ 45.60 കോടിയുടെ ലോകോത്തര റിസോര്‍ട്ട് നിര്‍മാണത്തിനും സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്കി.
മഹാമാരിയില്‍ ജില്ലയില്‍ രണ്ടുവര്‍ഷമായി ഭൂരിഭാഗം ടൂറിസം കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. നിലവില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ പതിയെ തുറക്കുന്നുണ്ടെങ്കിലും വിദേശികളെയും നാട്ടിന്പുറങ്ങളിലുള്ളവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ മാറ്റാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.
ഇതിനായി ജില്ലയില്‍ വിവിധ പുതിയ പദ്ധതികള്‍ കൊണ്ടുവരും. നിലവിലുള്ള ടൂറിസം പദ്ധതികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്താനുമാണ് തീരുമാനം.
കണ്ണൂര്‍ നഗരത്തില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പുല്ലൂപ്പിക്കടവ് റോഡിെൻറ 150 മീറ്റര്‍ ദൂരത്തില്‍ ഇരുവശത്തും നടപ്പാതകളും പൂന്തോട്ടങ്ങളും സജ്ജീകരിക്കും. പദ്ധതി വഴി കടല്ബോട്ട്, കയാക്കിങ് തുടങ്ങിയവ പുല്ലൂപ്പിക്കടവില്‍ ആരംഭിക്കാനാണ് ടൂറിസം വകുപ്പിെൻറ തീരുമാനം. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാകും പദ്ധതി നടക്കുക. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനം പൂര്‍ത്തിയായി. പഴശ്ശി ഡാം പരിസരത്ത് ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതു പൂര്‍ത്തിയാവുന്നതോടെ ജലയാത്രയടക്കമുള്ള വിനോദയാത്ര സംവിധാനം നടപ്പാക്കാനാകും.
പയ്യാമ്പലത്ത് സൗന്ദര്യവത്കരണം
കണ്ണൂർ: പയ്യാമ്പലത്ത് കൂടുതൽ സൗന്ദര്യവത്കരണത്തിനുള്ള നടപടികൾ ഡി.ടി.പി.സിയുടെ പരിഗണനയിലുണ്ടെന്ന് സെക്രട്ടറി കെ.സി. ശ്രീനിവാസൻ പറഞ്ഞു. തീരദേശ മേഖലയായ പയ്യാമ്പലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതിയുണ്ട്. തീരദേശ സംരക്ഷണ നിയമം അനുസരിച്ച് സഞ്ചാരികൾക്കായി കൂടുതൽ സൗകര്യം ഒരുക്കും. ടൂറിസം അധികൃതര്‍ പയ്യാമ്പലം സന്ദര്‍ശിച്ച് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പയ്യാമ്പലത്ത് പ്രധാന പ്രവേശന സ്ഥലത്ത് ആകര്‍ഷകമായ കവാടം സ്ഥാപിക്കുക, മികച്ച സെല്‍ഫി പോയൻറ് സ്ഥാപിക്കുക, കുടുംബശ്രീ ശുചീകരിക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ശാശ്വത പരിഹാരം കാണുക തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷം ഓണ്‍ലൈനാക്കാൻ ടൂറിസം പ്രമോഷന് കൗണ്‍സില്‍
കണ്ണൂർ: ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ 'കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം' എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയാണ് ഓൺലൈനിൽ ആഘോഷം. മഹാമാരി കാലത്ത് വരുമാന നഷ്ടം അനുഭവിക്കുന്ന കലാകാരന്മാര്ക്കും അനുബന്ധ മേഖലയിലുള്ളവര്‍ക്കും കൈത്താങ്ങാവാനുള്ള ശ്രമത്തിെൻറ ഭാഗം കൂടിയാണ് ആഘോഷമെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ട്രിപ്പിള്‍ തായമ്പക, ക്ലാസിക്കല്‍ ഡാന്‍സ്, ഗസല്‍, ഷഹബാസ് അമന് പാടുന്നു, നാടന്‍ പാട്ടുകള്‍, കോമഡി ഷോ, ബാബുരാജ് സ്മൃതി സന്ധ്യ, ഓട്ടന്തുള്ളല്, സൂര്യ ഗീതം, മാജിക്ക് നൈറ്റ്, ഒപ്പന, വനിത കോല്‍ക്കളി, സോളോ ഡ്രാമ, വിസ്മയം എന്നീ തലക്കെട്ടുകളോടെ വൈവിധ്യമുള്ള കലാവിരുന്നാണ് ഔണ്‍ലൈനായി അവതരിപ്പിക്കുക. ആഘോഷത്തിെൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.