മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ വാഹനാപകടങ്ങളെ തുടർന്ന് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണം നടക്കുന്ന സർവിസ് റോഡിൽ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആദ്യ അപകടം. നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നിൽ പോകുന്ന മറ്റൊരു ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഗതാഗതം മുടങ്ങുകയായിരുന്നു. മുന്നിലെ ലോറി റോഡിലെ കുഴിയിൽ വീണതോടെ പിറകിൽ അമിതവേഗതയിൽ വന്ന കോഴിവണ്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കോഴിവണ്ടിയുടെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ആളപായമില്ല. കുണ്ടും കുഴിയും നിറഞ്ഞ സർവിസ് റോഡ് അപകടാവസ്ഥയിലായതിനാൽ ഇവിടെ അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ്. അപകടത്തിൽപെട്ട കോഴിവണ്ടി ക്രെയിനിെൻറ സഹായത്തോടെ നീക്കം ചെയ്തു.
രാവിലെ ഒമ്പതോടെ പാൽ കയറ്റിപ്പോവുകയായിരുന്ന മിനിലോറി മുഴപ്പിലങ്ങാട് മേൽപാലത്തിൽ കുറുകെമറിഞ്ഞു. അപകടത്തിൽ ആളപായമില്ലെങ്കിലും മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്കുപോയ മിനിലോറിയാണ് മറിഞ്ഞത്. അപകടത്തിൽപെട്ട ലോറി ക്രെയിൻ സഹായത്തോടെ നീക്കം ചെയ്തു.സർവിസ് റോഡിൽ ലോറി ഇടിച്ചതിന് പിന്നാലെയുണ്ടായ അപകടം രാവിലെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി.
അപകടം തുടർക്കഥ; യാത്ര ദുരിതമയം
മുഴപ്പിലങ്ങാട്: മാഹി ബൈപാസ് നിർമാണത്തിന് നിലവിലെ ദേശീയപാത അടച്ചതോടെ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാവുകയാണ്. റോഡ് അടക്കുന്നതിനുമുമ്പ് ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സർവിസ് റോഡിെൻറ പണി തീർക്കാത്തതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണം.നിലവിൽ ഒറ്റ സർവിസ് റോഡ് മാത്രമാണുള്ളത്. രണ്ടു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത റോഡ് കുണ്ടും കുഴിയുമായി പൊട്ടിത്തകർന്നിരിക്കുകയാണ്. റോഡ് അപകടാവസ്ഥയിലായതുകാരണം ഇവിടെ തുടർച്ചയായി അപകടവും നടക്കുന്നു. അപകടമുണ്ടാവുേമ്പാൾ ഗതാഗതം തടസ്സപ്പെടുന്നത് ഇതുവഴിയുള്ള യാത്രക്കാർക്ക് ഏറെ ദുരിതം സമ്മാനിക്കുന്നു. ഏതെങ്കിലും ഒരു വാഹനം നിന്നുപോവുകേയാ അപകടത്തിൽപെടുകയോ ചെയ്താൽ മണിക്കൂറുകൾ കഴിഞ്ഞേ ഗതാഗതം പൂർവ സ്ഥിതിയിലാവുന്നുള്ളൂ. മറുഭാഗത്തെ സർവിസ് റോഡിെൻറ പണി അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് വാഹനയാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.