ബോംബ്​ കണ്ടെത്തിയ ഓ​ട്ടോറിക്ഷയിൽ പരിശോധന നടത്തുന്നു

മുഴപ്പിലങ്ങാട്ട് ഓട്ടോറിക്ഷയിൽ ബോംബ് കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി

മുഴപ്പിലങ്ങാട് (കണ്ണൂർ): ഓട്ടോറിക്ഷയിൽ ഉഗ്രസ്ഫോടനത്തിന് ശേഷിയുള്ള ബോംബ്​ കണ്ടത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ഒരു രാഷ്​ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത യുവാവിന്‍റെ ഓട്ടോറിക്ഷയിലാണ് കഴിഞ്ഞദിവസം ബോംബ് കണ്ടത്തിയത്. കുളം ബസാറിൽ വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച്​ ഉപജീവനം നടത്തിവരുന്ന റിജീഷ് ഓട്ടം കഴിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്തതായിരുന്നു. രാവിലെ പതിവുപോലെ ഓട്ടോ എടുക്കാൻ വന്നപ്പോഴാണ് വണ്ടിയുടെ മുൻ സീറ്റിന്‍റെ സൈഡിൽ ബോംബ്​ കണ്ടത്.

പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എടക്കാട് പൊലീസ്​ പറഞ്ഞു. മുഴപ്പിലങ്ങാട്ടെ സ്വൈരജീവിതം തകർക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കങ്ങളെ സി.പി.എം ലോക്കൽ കമ്മിറ്റി അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

സംഭവം അതീവ ഗൗരവമുള്ളതിനാൽ വിദഗ്ദ അന്വേഷണം നടത്താൻ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ കെ. സുരേഷ് ആവശ്യപ്പെട്ടു. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്​. എടക്കാട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുണ്ടായ സംഭവം ലഘൂകരിക്കുന്നത് വൻ ദുരന്തത്തിന് കാരണമാകുമെന്നും കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു.

സമാധാനാന്തരീക്ഷം നിലനിൽക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്ന് പൊലീസ് അധികാരികൾ ഉറപ്പുവരുത്തണമെന്ന് മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കുറിപ്പിൽ അറിയിച്ചു. യഥാർത്ഥ പ്രതികളെ നിയമത്തിന്‍റെ മുന്നിൽ എത്രയും പെട്ടന്ന് കൊണ്ടുവരണമെന്നും പ്രസിഡന്‍റ്​​ അബൂട്ടി പച്ചാക്കര, സെക്രട്ടറി എ.കെ. ഇബ്രാഹിം എന്നിവർ ആവശ്യപ്പെട്ടു.

പിന്നിലെ ശക്തികളെ കരുതിയിരിക്കണമെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റവാളി കണ്ടെത്തണമെന്നും വെൽഫെയർ പാർട്ടി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നാടിന്‍റെ സമാധാനം നിലനിർത്താൻ അധികാരികൾ തയാറാവണമെന്ന്​ പ്രസിഡന്‍റ്​ ടി.സി. നിബ്രാസ് പറഞ്ഞു.

ഓ​ട്ടോറിക്ഷയിൽനിന്ന്​ കണ്ടെത്തിയ ബോംബ്​


Tags:    
News Summary - Bomb found in autorickshaw parked at Muzhappilangad: Investigation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.