എടക്കാട്: ആദർശ് സ്റ്റേഷൻ പദവിയൊക്കെയുണ്ടെങ്കിലും എടക്കാട് റെയിൽവേ സ്റ്റേഷൻ അസൗകര്യത്തിെൻറ ട്രാക്കിലാണ്. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ എടക്കാടിനും മുഴപ്പിലങ്ങാടിനും ഇടയിലായതിനാൽ ധാരാളം വികസന സാധ്യതയുള്ള സ്റ്റേഷനാണിത്. ഇന്ത്യയിലെ അറിയപ്പെടുന്ന ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ മറ്റു കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ടൂറിസം മേഖലയിലടക്കം വലിയ സാധ്യതകളാണ് സ്റ്റേഷൻ തുറന്നിടുന്നത്. വർഷങ്ങളായി കാര്യമായ വികസനമൊന്നും സ്റ്റേഷനിലുണ്ടായിട്ടില്ല. മേൽപാലം നിർമാണം ഇനിയും പൂർത്തിയായില്ല. വികസനമുരടിപ്പിെൻറ നേർസാക്ഷ്യമായി തുടരുന്ന സ്റ്റേഷെൻറ ദുരവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുള്ളത് പ്രതീക്ഷയാണ്.
2015ലാണ് എടക്കാട് റെയിൽവേ സ്റ്റേഷൻ ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ചത്. ഇൗയിടെ തുടങ്ങിയ മെമുവിന് എടക്കാട് സ്റ്റോപ് അനുവദിച്ചതിനാൽ നിരവധി യാത്രക്കാർ ദിവസേന എത്തുന്നുണ്ട്. 'ശങ്ക' തീർക്കാൻ ആവശ്യമായ ശുചിമുറിപോലും സ്റ്റേഷനിലില്ല. പ്ലാറ്റ്ഫോം നവീകരണവും സ്റ്റേഷന് സമീപം ദേശീയപാതയിൽ ബസ് കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും ഇന്നും കടലാസിൽ മാത്രമാണ്.സ്റ്റേഷെൻറ ദുരവസ്ഥ സംബന്ധിച്ച് നിരവധി തവണ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റവും ഒടുവിലായി കെ. സുധാകരൻ എം.പിക്ക് അടക്കം നിവേദനം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് എടക്കാട് കേന്ദ്രീകരിച്ച് ബഹുജന വികസന സമിതി പ്രവർത്തിക്കുന്നുണ്ട്. പരശുറാം എക്സ്പ്രസ്, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ വണ്ടികൾക്ക് എടക്കാട് സ്റ്റോപ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒന്നാം പ്ലാറ്റ്ഫോമിന് നീളം കുറവായതിനാൽ യാത്രക്കാർ നിരവധി തവണ അപകടത്തിൽപെടുന്ന സാഹചര്യവുമുണ്ടായി.
ധർമടം മുതൽ തോട്ടട, ചക്കരക്കല്ല് ഭാഗങ്ങളിലുള്ളവർക്ക് ഏറെ സൗകര്യപ്രദമായ സ്റ്റേഷൻ കൂടിയാണ് എടക്കാട്. മുഴപ്പിലങ്ങാട് എഫ്.സി.ഐയിലേക്കുള്ള ഭക്ഷ്യവിഭവങ്ങൾ ഇവിടെയാണ് വരുന്നതെങ്കിലും അത് ഗോഡൗണിലേക്ക് കയറ്റിപ്പോകേണ്ട ലോറികൾ പാർക്ക് ചെയ്യുന്നത് ദേശീയപാതയിലാണ്. ഇതുകാരണം ദേശീയപാതയിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാവുന്നു. റെയിൽവേയുടെതന്നെ ഭൂമി ഒഴിഞ്ഞുകിടപ്പുണ്ടെങ്കിലും വാഗണിൽനിന്ന് ചരക്ക് നീക്കംചെയ്യാനെത്തുന്ന ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല. ചരക്കുനീക്കത്തിന് വാഗൺ നിർത്തിയിട്ടാൽ യാത്രക്കാർക്ക് മറുപുറം കടക്കാൻ മേൽപാലവുമില്ല. പാലത്തിെൻറ ഫൗണ്ടേഷൻ പണി ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ഇത് കാരണം നിർത്തിയിട്ട സമയത്ത് ആളുകൾ ട്രെയിനിനടിയിലൂടെ അപകടകരമായ രീതിയിൽ മറുപുറം കടക്കുന്നത് പതിവുകാഴ്ചയാണ്. സ്റ്റേഷനിൽ വികസനം എത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.